ന്യൂഡല്‍ഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍.
നാളെ മുതലാണ് പണിമുടക്ക്. ശനിയും ഞായറും ബാങ്ക് അവധി ആയതിനാല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച്ച വിനായക ചതുര്‍ഥിയുടെ അവധി കുടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാം.
ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറം, യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 28,29,30 തിയ്യതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനു ശേഷം ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഴ്ച്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്കിങ് ജീവനക്കാരുടെ പണിമുടക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനകള്‍ പറയുന്നത്.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ആക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വിശാലമായ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനത്തിലെത്താന്‍ കഴിയൂവെന്ന നിലപാടിലാണ് സര്‍ക്കാര്‍.
അര്‍ധ വാര്‍ഷിക കണക്കെടുപ്പ് സെപ്റ്റംബര്‍ അവസാനമായതിനാല്‍, ഈസമയത്ത് പണിമുടക്ക് നടക്കുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും. അതേസമയം ബാങ്ക് അവധി ദിനങ്ങളില്‍ എടിഎം, ഡിജിറ്റല്‍ ഇടപാടുകള്‍ തടസമില്ലാതെ തുടരും. തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനാല്‍ അത്യാവശ്യ ഇടപാടുകള്‍ ഇന്നു തന്നെ ഉപഭോക്താകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ തങ്ങളുടെ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകള്‍ വഴി നേരിട്ട് ചെയ്യേണ്ട പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറന്‍സ്, വായ്പാ നടപടികള്‍, പുതിയ അക്കൗണ്ട് തുറക്കല്‍, കെവൈസി പുതുക്കല്‍ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ ദിവസങ്ങളില്‍ തടസ്സപ്പെടും. ചെക്ക് ക്ലിയറിങ് പ്രക്രിയകള്‍ പൂര്‍ണ്ണമായും വൈകാന്‍ സാധ്യതയുള്ളതിനാല്‍ വലിയ തുകകളുടെ ഇടപാടുകള്‍ നടത്തേണ്ടവര്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്.
സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം മരവിപ്പിച്ചിരുന്നു. എന്നാല്‍ പ്രവൃത്തിദിനം 5 ആക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.

