ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന മാധ്യമസ്വാതന്ത്ര്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ് സ്വെന്‍ഡ്‌സന്റെ യാത്ര തടഞ്ഞെന്നും വിസ റദ്ദാക്കിയെന്നും ആരോപണം.
യാത്രയ്ക്ക് പത്ത് മിനിറ്റ് മുമ്പാണ് ഇന്ത്യന്‍ എംബസി യാത്ര ചെയ്യരുതെന്ന് അറിയിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി.
രാഷ്ട്രീയ അനുമതിയും വിസയും ലഭിച്ചിരുന്നുവെന്നും ഹൈദരാബാദില്‍ നടക്കുന്ന ഭാരത് ഉച്ചകോടിയില്‍ മാധ്യമങ്ങളുടെ ഭാവിയും മാധ്യമസ്വാതന്ത്ര്യവും സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് വിസ റദ്ദാക്കിയതെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍, ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചതിന്റെ കാരണം അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് ഹെല്ലെ വ്യക്തമാക്കി. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് സംശയിക്കുന്നതായും അവര്‍ വ്യക്തമാക്കി.
2026 മേയില്‍ നോര്‍വേ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടാത്തത് എന്തുകൊണ്ടാണെന്ന് ഹെല്ലെ ചോദിച്ചിരുന്നു. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും മോദി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചും വിമര്‍ശനാത്മക ലേഖനങ്ങള്‍ എഴുതിയതും അദാനി, അംബാനി എന്നിവരെ വിമര്‍ശിച്ചതും നടപടിക്ക് കാരണമായിട്ടുണ്ടാകാമെന്ന് അവര്‍ പറയുന്നു.
മെയ് മാസത്തിലെ സംഭവത്തിനുശേഷം ബിജെപി അനുകൂലികള്‍ ഹെല്ലെയുടെ ചോദ്യത്തെ വിമര്‍ശിച്ചിരുന്നു. ബിജെപി നേതാവ് അമിത് മാല്‍വ്യ അവരെ രൂക്ഷമായി അധിക്ഷേപിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു.
അതേസമയം, ഹെല്ലെയുടെ ആരോപണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ ഓസ്ലോയിലെ ഇന്ത്യന്‍ എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യാ സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

