Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓപ്പറേഷന്‍ തൂഫാന്‍; ഇന്ന് അറസ്റ്റിലായത് 137 പേര്‍

ഓപ്പറേഷന്‍ തൂഫാന്‍; ഇന്ന് അറസ്റ്റിലായത് 137 പേര്‍

തേജസ് 1 week ago

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയെ ലക്ഷ്യമിട്ട് കേരള പോലിസ് നടത്തിയ ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമെന്ന് സംസ്ഥാന പോലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തിയ വ്യാപകമായ പരിശോധനയില്‍ 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 500 ഗ്രാം എംഡിഎംഎ പിടിക്കാന്‍ കഴിഞ്ഞു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് വാണിജ്യ അളവിലാണ് ലഹരി പിടിച്ചത്. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അവരുടെ സാമ്പത്തിക സ്രോതസ്സുകളും വിതരണ ശൃംഖലകളും കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

വന്‍തോതിലുള്ള സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണ് ഈ ഓപ്പറേഷനിലൂടെ നടന്നത്. ഏകദേശം 500 ഗ്രാം എംഡിഎംഎയും 37 കിലോ കഞ്ചാവും വിവിധയിടങ്ങളില്‍ നിന്നായി പോലിസ് പിടികൂടി. സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനകളും നടത്തി വരികയാണ്. സിന്തറ്റിക് ലഹരിമരുന്നിനൊപ്പം മറ്റ് ലഹരിവസ്തുക്കളുടെ വിതരണക്കാരും പോലിസിന്റെ വലയിലായിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

'പലപ്പോഴും പ്രധാന കണ്ണികളെ പിടികൂടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തവണ അത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ടുപോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകള്‍ ബെംഗളൂരു വഴിയും കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുമാണ് കടത്തുന്നത്. നിലവില്‍ പിടിച്ചെടുത്ത എംഡിഎംഎ തന്നെ 30 ലക്ഷം രൂപയോളം മാര്‍ക്കറ്റ് വില ഉളളതാണ്. കഞ്ചാവ് പ്രധാനമായും ആന്ധ്ര-ഒഡീഷ അതിര്‍ത്തികളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത്തരം നെറ്റ്വര്‍ക്കുകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ ആഴത്തിലുള്ള അന്വേഷണം നടന്നു വരികയാണെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

ശാസ്ത്രീയമായ അന്വേഷണത്തിനായി ഓരോ സബ്ഡിവിഷനിലും നാല് പ്രത്യേക ടീമുകളെയാണ് പോലിസ് നിയോഗിച്ചിരിക്കുന്നത്. ഇന്റലിജന്‍സ് ശേഖരണം, ലഹരിമരുന്ന് കണ്ടെത്തല്‍, അന്വേഷണം പൂര്‍ത്തിയാക്കി സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കല്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവയാണ് ഈ ടീമുകളുടെ പ്രധാന ചുമതലകള്‍. എഫ്‌എസ്‌എല്‍ റിപോര്‍ട്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുള്ള പ്രത്യേക പദ്ധതിയുമുണ്ടെന്ന് പോലിസ് മേധാവി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News