പാലക്കാട്: കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പേരിനുമാത്രം സൗകര്യങ്ങള്‍ ഒരുക്കി ജനങ്ങളെ വഞ്ചിക്കുന്ന സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെരീഫ് അത്താണിക്കല്‍ ആവശ്യപ്പെട്ടു.
സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന ഈ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ആകെ അഞ്ച് കിടക്കകള്‍ മാത്രമാണുള്ളത്. വാര്‍ഡുകളില്‍ വെറും 120 കിടക്കകളും 40 നഴ്‌സുമാരും മാത്രമാണ് നിലവിലുള്ളത്. ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സിംഗ് ജീവനക്കാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഗുരുതര പ്രതിസന്ധിയിലാണ്.
അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും ഐസിയു കിടക്കകള്‍ ലഭിക്കാതെ സ്വകാര്യ ആശുപത്രികളിലേക്കോ ദൂരെയുള്ള മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കോ പോകേണ്ടി വരുന്നത് സാധാരണക്കാരെ കടുത്ത സാമ്പത്തിക-മാനസിക ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. മെഡിക്കല്‍ കോളജ് എന്ന പേരില്‍ കെട്ടിടം മാത്രം ഉയര്‍ത്തി അടിസ്ഥാന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാതിരിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്.
ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്‌സിംഗ് ജീവനക്കാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും അടിയന്തരമായി നിയമിക്കുകയും ഐസിയു സൗകര്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കുകയും വേണം. പാലക്കാട് മെഡിക്കല്‍ കോളജിനെ പൂര്‍ണ്ണസജ്ജമായ ആരോഗ്യസ്ഥാപനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

