ചണ്ഡീഗഡ്: ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഭാര്യ ഗുർപ്രീത് കൗർ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമായി.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മാൻ രാജിവയ്ക്കണമെന്ന് ബിജെപിയും ശിരോമണി അകാലിദളും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
വിരമിച്ച ജഡ്ജി രഞ്ജിത് സിംഗാണ് ഗുർപ്രീത് കൗറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കുന്നതിനായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യാ സഹോദരനാണ് രഞ്ജിത് സിംഗ്.
ആരോപണം ഉയർന്നതിന് പിന്നാലെ ഗുർപ്രീത് കൗർ രഞ്ജിത് സിംഗിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവയെ നിയമപരമായി നേരിടാൻ തങ്ങള്‍ തയാറാണെന്നും ഗുർപ്രീത് കൗർ വ്യക്തമാക്കി.
വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. പഞ്ചാബ് സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കകം സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ആരോപണങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെ സംഭവത്തില്‍ രാഷ്ട്രീയ പോര് കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

