Dailyhunt
പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ ഇന്ന് റീ പോളിങ്

പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ ഇന്ന് റീ പോളിങ്

തേജസ് 2 weeks ago

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെയുണ്ടായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളില്‍ ഇന്ന് റീ പോളിങ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഏപ്രില്‍ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികളുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മഗ്രാത്ത് പശ്ചിമിലെ 11 ബൂത്തുകളിലും, ഡയമണ്ട് ഹാര്‍ബറിലെ നാല് ബൂത്തുകളിലും ഇന്ന് റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്.

ഏപ്രില്‍ 29ന് ഈ ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇന്ന് ഈ പതിനഞ്ച് ബൂത്തുകളിലെ വോട്ടര്‍മാര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താം. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാകും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍മാരുടേയും റിട്ടേണിങ് ഓഫീസറുടേയും റിപോര്‍ട്ടിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ്ങിലേക്ക് നീങ്ങിയത്. പുതിയ വോട്ടെടുപ്പിനെക്കുറിച്ച്‌ സ്ഥാനാര്‍ഥികളെ രേഖാമൂലം അറിയിക്കാനും വോട്ടര്‍മാര്‍ക്കിടയില്‍ കൃത്യമായ പ്രചരണം നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ഘട്ടമായിട്ടാണ് ബംഗാളില്‍ നിയമസഭാ വോട്ടെടുപ്പ് നടന്നത്. ഏപ്രില്‍ 23നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29നും. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ 77 ഇവിഎം അട്ടിമറി കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. 23 പരാതികളില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News