Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പശ്ചിമ ബംഗാളിലെ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിടുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളിലെ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിടുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്

തേജസ് 3 weeks ago
ശ്ചിമ ബംഗാളിലെ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിടുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഒന്നിനുപിറകെ ഒന്നായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി).

ആഭ്യന്തര കലഹംകൊണ്ട് പൊറുതിമുട്ടിയതോടെ പശ്ചിമ ബംഗാളിലെ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജിയെ പിന്തുണച്ച്‌ 58 ടിഎംസി എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാര്‍ട്ടി അറിയിച്ചത്.

പാര്‍ട്ടിക്ക് ആകെയുള്ളത് 80 എംഎല്‍എമാരാണ്. എന്നാല്‍ ഇന്ന് മമതാ ബാനര്‍ജി നേതൃത്വം നല്‍കിയ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത് എട്ട് എംഎല്‍മാര്‍ മാത്രമാണ്. ഭൂരിപക്ഷം എംപിമാരും യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് ആറ് എംപിമാര്‍ മാത്രമാണ്. ഈ തിരിച്ചടിക്ക് തൊട്ടു പിന്നാലെയാണ് സംഘടനാ കമ്മിറ്റികള്‍ പിരിച്ചുവിട്ടതായി ടിഎംസി എക്സിലൂടെ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 'ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാളിലെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടാന്‍ തീരുമാനിച്ചു.' ടിഎംസി അറിയിച്ചു.

എല്ലാ തലങ്ങളിലും സമഗ്രമായ ആത്മപരിശോധനയും പ്രകടന അവലോകനവും സംഘടനാപരമായ വിലയിരുത്തലും പാര്‍ട്ടി നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഈ അവലോകനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മാതൃസംഘടനയുടെയും പോഷക സംഘടനകളുടെയും ഘടന പുനഃസംഘടിപ്പിക്കും, അത് യഥാസമയം പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഈ അപ്രതീക്ഷിത നടപടിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിലെ കാരണങ്ങള്‍ പാര്‍ട്ടി പ്രസ്താവനയില്‍ വിശദീകരിച്ചിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News