പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും പെരിട്ടോണിയല്‍ ഡയാലിസിസ് ചികില്‍സയ്ക്ക് ആവശ്യമായ ഫ്‌ലൂയിഡ് കിറ്റുകള്‍, മിനി ക്യാപ്പുകള്‍, എംടി ബാഗുകള്‍ തുടങ്ങിയ അവശ്യ സാമഗ്രികള്‍ ലഭ്യമാകാത്തത് അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്പുറം പ്രസ്താവനയില്‍ പറഞ്ഞു.
വൃക്കരോഗ ബാധിതരായ നിരവധി പാവപ്പെട്ട രോഗികള്‍ ജീവന്‍ നിലനിര്‍ത്തുന്നതിനായി ആശ്രയിക്കുന്ന ഈ ചികില്‍സാ സംവിധാനം താളംതെറ്റിക്കുന്നത് പാവങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നതിന് തുല്യമാണ്.
ദിവസേന രണ്ടും മൂന്നും തവണ വരെ നിര്‍ബന്ധമായും ഡയാലിസിസ് ചെയ്യേണ്ട രോഗികളാണ് സാമഗ്രികള്‍ കിട്ടാത്തതിനാല്‍ ചികില്‍സ മുടങ്ങുമെന്ന ഭീതിയില്‍ കഴിയുന്നത്. ഒരു ദിവസം പോലും ഈ പ്രക്രിയ മുടങ്ങിയാല്‍ ശരീരത്തില്‍ വിഷാംശം അടിഞ്ഞുകൂടി രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇവ ലഭ്യമല്ലാത്തതിനാല്‍ നിര്‍ധനരായ രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. നിലവിലെ കടുത്ത ജീവിതച്ചെലവുകള്‍ക്കൊപ്പം പതിനായിരക്കണക്കിന് രൂപയുടെ ചികില്‍സാ ചെലവുകള്‍ കൂടി വഹിക്കാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍ കടുത്ത പ്രയാസങ്ങളിലാണ്.
പെരിട്ടോണിയല്‍ ഡയാലിസിസ് ഒരു സാധാരണ ചികില്‍സയല്ല, രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായ സംവിധാനമാണ്. കെഎംഎസ്‌സിഎല്ലിന്റെ (KMSCL) ഭാഗത്തുനിന്നുള്ള വീഴ്ചയും ഭരണപരമായ അനാസ്ഥയും കാരണം ഇതിനാവശ്യമായ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെടുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും സഹീര്‍ ചാലിപ്പുറം പറഞ്ഞു.
രോഗികളുടെ ആരോഗ്യവും ജീവനും സംബന്ധിക്കുന്ന ഈ വിഷയത്തില്‍ കാലതാമസം കൂടാതെയുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്. ജില്ലയില്‍ ആവശ്യത്തിന് ഫ്‌ലൂയിഡ് കിറ്റുകളും അനുബന്ധ ഉപകരണങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ഉടന്‍ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം. അതോടൊപ്പം, ഭാവിയില്‍ ഇത്തരം കടുത്ത ക്ഷാമം ഉണ്ടാകാതിരിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും, രോഗികളുടെ ന്യായമായ ഈ ആവശ്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും സഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു.

