Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പ് 2026; പരാഗ്വെയെ തോല്‍പ്പിച്ച്‌ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പ് 2026; പരാഗ്വെയെ തോല്‍പ്പിച്ച്‌ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

തേജസ് 10 hrs ago

ടെക്‌സാസ്: ഫിഫ ലോകകപ്പിലെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍.

ഫിലഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെയാണ് ഫ്രഞ്ച് പടയുടെ ഏകഗോള്‍ നേടിയത്. 70ാം മിനിറ്റിലായിരുന്നു ഗോള്‍. പരാഗ്വെയ് പ്രതിരോധ താരങ്ങള്‍ ഡുവെയെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിളിച്ചത്. ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളില്‍ വെച്ച്‌ 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പമെത്തി ഫ്രഞ്ച് താരം.

റൗണ്ട് ഓഫ് 32ല്‍ മുന്‍ ലോക ചാംപ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധക്കോട്ട കെട്ടിയാണ് ഫ്രാന്‍സിനെ നേരിട്ടത്. കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും മുന്നേറ്റത്തിലും ഫ്രാന്‍സ് തന്നെയായിരുന്നു മുന്നില്‍. ഏകദേശം 80 ശതമാനത്തോളം സമയവും ബോള്‍ പൊസിഷന്‍ ഫ്രാന്‍സിനായിരുന്നു. എന്നിട്ടും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കിട്ടിയ അവസരങ്ങളില്‍ പരാഗ്വെയ് മുന്നേറ്റനിര ഫ്രഞ്ച് ബോക്സില്‍ അപകടംവിതച്ചു. 28ാം മിനിറ്റില്‍ ഡീഗോ ഗോമസ് ഗോളിനടുത്തെത്തി. പരാഗ്വെ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന്റെ മികച്ച പ്രകടനവും ഫ്രാന്‍സിന്റെ ഗോള്‍ ശ്രമങ്ങള്‍ക്ക് തടസ്സമായി. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. എംബാപ്പെയും ഡെംബെലെയും കൂടുതല്‍ മുന്നേറ്റങ്ങല്‍ നടത്തി. എന്നാല്‍ പരാഗ്വെയ് പ്രതിരോധത്തെ മറികടക്കാനായില്ല. പരാഗ്വെയ് ഗോളി ഗില്‍ മികച്ച സേവുകളുമായി കളംനിറഞ്ഞു. 70ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. വാര്‍ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാല്‍റ്റി നല്‍കിയത്. കിക്ക് എടുത്ത നായകന്‍ കിലിയന്‍ എംബാപ്പെ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഗോള്‍ വഴങ്ങിയതോടെ പരാഗ്വെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം മറികടക്കാനായില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ച്‌ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാന്‍ ഫ്രാന്‍സിന് ഈ വിജയത്തോടെ സാധിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News