
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ മൂന്ന് സുപ്രധാന തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ പാസാക്കി രാജ്യസഭ. കാര്‍ഷിക ബില്‍ ചര്‍ച്ചയ്ക്കിടെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നത്.
300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ സര്‍ക്കാരിന്റെ യാതൊരു അനുമതിയുമില്ലാതെ പിരിച്ചുവിടാമെന്നും ആവശ്യമെങ്കില്‍ സ്ഥാപനം പൂട്ടാമെന്നതുമടക്കമുള്ള മൂന്ന് തൊഴില്‍ പരിഷ്‌കരണ ബില്ലുകളാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. പ്രതിപക്ഷ എംപിമാര്‍ സഭ ബഹിഷ്‌കരിച്ച് പുറത്ത് പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് സുപ്രധാന ബില്ലുകള്‍ ശബ്ദ വോട്ടോടുകൂടി സഭ പാസാക്കിയിരിക്കുന്നത്.
തൊഴിലാളി യൂനിയനുകള്‍ക്കും തൊഴില്‍ സമരങ്ങള്‍ക്കും കടുത്ത നിയന്ത്രണമാണ് ബില്‍ നിര്‍ദേശിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ കര്‍ഷക വിരുദ്ധമെന്നപോലെ തൊഴില്‍ ബില്ലുകള്‍ തൊഴിലാളി വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ ബില്ലുകള്‍ ലോക്‌സഭ ചൊവ്വാഴ്ച പാസാക്കിയിരുന്നു. മാറിയ ബിസിനസ്സ് അന്തരീക്ഷത്തിന് അനുസൃതമായി സുതാര്യമായ ഒരു സംവിധാനം നല്‍കുക എന്നതാണ് തൊഴില്‍ പരിഷ്‌കാര ബില്ലുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ഗംഗാവര്‍ പറഞ്ഞു.
300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയുമില്ലാതെ പിരിച്ചുവിടുന്നതിനും ആവശ്യമെങ്കില്‍ സ്ഥാപനം പൂട്ടാമെന്നതുമുള്ള നിയമം 16 സംസ്ഥാനങ്ങളില്‍ ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിധിയില്‍ അസംഘടിത തൊഴിലാളികള്‍ക്കൊപ്പം ഓണ്‍ലൈന്‍ രംഗത്തെ തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്താന്‍ സാമൂഹിക സുരക്ഷാ കോഡ് ബില്‍ നിര്‍ദേശിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.