Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജിക്കത്ത് നല്‍കിയതിന് പിന്നാലെ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉപാധികളുമായി സിദ്ധരാമയ്യ

രാജിക്കത്ത് നല്‍കിയതിന് പിന്നാലെ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉപാധികളുമായി സിദ്ധരാമയ്യ

തേജസ് 2 weeks ago

ന്യൂഡല്‍ഹി: രാജിക്കത്ത് നല്‍കിയതിന് പിന്നാലെ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉപാധികളുമായി സിദ്ധരാമയ്യ. ഡല്‍ഹിയിലെത്തി സിദ്ധരാമയ്യ രാഹുല്‍ഗാന്ധിയേയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ അഞ്ച് ആവശ്യങ്ങളാണ് സിദ്ധരാമയ്യ മുന്നോട്ടുവെച്ചത്. പ്രധാന ആവശ്യം ഡി കെ ശിവകുമാര്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ചാണ്. രാജിക്ക് പിന്നാലെ പരമാവധി സ്ഥാനങ്ങള്‍ നേടിയെടുക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നത്.

സുപ്രധാന വകുപ്പ് നല്‍കി മകന്‍ യതീന്ദ്രയേയും കൂടെനില്‍ക്കുന്ന നേതാക്കളേയും മന്ത്രിയാക്കണം എന്നതടക്കമുള്ള അഞ്ച് ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. മുന്‍പ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടേക്കും എന്ന രീതിയില്‍ വാര്‍ത്തവന്നിരുന്നു. എന്നാല്‍, ഉപമുഖ്യമന്ത്രി പദമല്ല പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മറ്റൊരു പ്രധാന ആവശ്യം എംഎല്‍സി, രാജ്യസഭ സീറ്റുകള്‍ സംബന്ധിച്ചാണ്. തന്റെ കൂടെയുള്ള നേതാക്കളെ പരമാവധി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഇവരുടെ പട്ടികയും കൈമാറിയിട്ടുണ്ടെന്നാണ് സൂചന.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഉറച്ചു നിന്ന നേതാക്കളെ മന്ത്രിസഭയില്‍ എത്തിക്കാനുള്ള ആവശ്യവും സിദ്ധരാമയ്യ ഉന്നയിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ്, സാമൂഹികനീതി വകുപ്പ് തുടങ്ങിയവ യതീന്ദ്രയ്ക്ക് നല്‍കണം എന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഒപ്പമുള്ളവരുടെ സീറ്റുകള്‍ പരിഗണിക്കണം. സംസ്ഥാനത്തെ നിയമനിര്‍മാണ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തന്റെ വിശ്വസ്തരായ ആളുകള്‍ക്ക് സീറ്റ് നല്‍കണം. മകന്‍ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്നിവയാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന മാരത്തണ്‍ ചര്‍ച്ചകളുടെ ഭാഗമായാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറ്റത്തിന് സിദ്ധരാമയ്യ സമ്മതം മൂളിയത്. പകരം രാജ്യസഭ സീറ്റാണ് സിദ്ധരാമയ്യക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, മുഖ്യമന്ത്രി പദം ഒഴിഞ്ഞെങ്കിലും രാജ്യസഭ സീറ്റ് എന്ന വാഗ്ദാനം സിദ്ധരാമയ്യ സ്വീകരിച്ചിട്ടില്ല. വ്യാഴാഴ്ച രാജി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും സിദ്ധരാമയ്യ പറഞ്ഞത് അതാണ്. താന്‍ രാജിവെക്കുന്നു. രാഷ്ട്രീയത്തില്‍ തുടര്‍ന്നും സജീവമായിട്ടുണ്ടാവും. ദേശിയ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല എന്നായിരുന്നു സിദ്ധരാമയ്യയുടെ വാക്കുകള്‍.

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉണ്ടാകും. കര്‍ണാടക കോണ്‍ഗ്രസിലെ എംഎല്‍എമാരോടെല്ലാം ശനിയാഴ്ച ബെംഗളൂരുവില്‍ എത്തിച്ചേരണമെന്ന് നിര്‍ദേശമുണ്ട്. ശനിയാഴ്ച ഒരു സ്വകാര്യ ഹോട്ടലില്‍വെച്ച്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുമെന്നാണ് വിവരം. അതിനുശേഷമായിരിക്കും നിയമസഭാകക്ഷി നേതാവായി ഡി കെ ശിവകുമാറിനെ തിരഞ്ഞെടുക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News