തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്കന്‍ കേരളത്തിലും, തെക്കന്‍ കേരളത്തിലും മഴ ശക്തമാകും.
ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിലും മഴ കനക്കുമെന്നാണ് പ്രവചനം. നാളെ 10 ജില്ലകളിലും ഞായറാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനും, ഇത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് മഴ കൂടുതല്‍ ശക്തിപ്രാപിക്കാനുമാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ തെക്കന്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും ഇന്ന് ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയുടെ തീവ്രത വര്‍ധിക്കാനാണ് സാധ്യത. ഇന്നലെ വിവിധയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു. മഴ കനക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

