Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

തേജസ് 3 weeks ago

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. നിലവില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കൊല്ലം, തിരുവനന്തപുരം എന്നീ രണ്ടുജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

കോട്ടയത്തും പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഒഴുക്കില്‍പ്പെട്ട ഒരാള്‍ മരിച്ചു. അയര്‍ക്കുന്നം സ്വദേശി ജിന്റോ മാത്യു ആണ് മരിച്ചത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നൂറിലധികം കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും കോഴിക്കോട് ജില്ലയില്‍ വെള്ളക്കെട്ട് ദുരിതം തുടരുന്നു. പുഴകള്‍ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ജില്ലയില്‍ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 862 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

കിഴക്കന്‍ മലയോരമേഖലകളില്‍ നിന്നുള്ള ജലം ഒഴുകി എത്തുന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. പമ്പയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മഴ മാറിയെങ്കിലും ആറന്മുള ഗ്രാമപഞ്ചായത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജെസിബിയിലും വെള്ളത്തിലും ഉള്‍പ്പെടെ ആളുകളെ ക്യാമ്പിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. അതിനിടെ പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളം ഇറങ്ങിയ പലയിടത്തും വീണ്ടും വെള്ളം കയറി.

അതേസമയം ഇടുക്കിയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട് ശക്തമായ മഴ എവിടെയും പെയ്യുന്നില്ല. ഇന്നലെ രാത്രിയിലെ ശക്തമായ മഴയില്‍ മണ്ണ് ഇടിഞ്ഞ റോഡുകളില്‍ മണ്ണ് നിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

കനത്ത മഴയെത്തുടര്‍ന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ 12 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായും ഒഴിവാക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News