Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശക്തമായ മഴക്ക് സാധ്യത;    ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ശക്തമായ മഴക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തേജസ് 1 week ago

തിരുവനന്തപുരം: ശക്തമായ മഴക്കും കാറ്റിനും സാധ്യതുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമേ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് നാളെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് പുറമേ തെക്കന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷയുടെ ഉള്‍പ്രദേശങ്ങള്‍ക്കും മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ്, അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജൂലൈ പത്ത് വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം

തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍- കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ 2.9 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News