Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷെയ്ക്ക് ഹസീന മാധ്യമങ്ങളെ കാണുന്നു: പരിപാടിയുമായി ബന്ധമില്ലെന്ന് ഇന്ത്യ

ഷെയ്ക്ക് ഹസീന മാധ്യമങ്ങളെ കാണുന്നു: പരിപാടിയുമായി ബന്ധമില്ലെന്ന് ഇന്ത്യ

തേജസ് 2 weeks ago

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യമായി പൊതു വേദിയിലേക്ക്.

ഇന്ത്യയില്‍ അഭയം തേടിയ ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വരുന്ന ഷെയ്ഖ് ഹസീനയുടെ വെര്‍ച്വല്‍ പ്രസംഗവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ. ഇന്ന് വൈകീട്ട് 6 മണിക്ക് ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ഓഫ് സൗത്ത് ഏഷ്യ(എഫ്‌സിസിഎസ്‌എ)ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സ്വകാര്യ പരിപാടിയില്‍ ഷെയ്ഖ് ഹസീന ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഷെയ്ഖ് ഹസീന ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് കൃത്യം രണ്ട് വര്‍ഷം തികയുന്ന ദിവസമാണ് ഇന്ന്. ഹസീനയുടെ ഇന്നത്തെ പരിപാടി വാര്‍ത്താ സമ്മേളനമായി മാറുമെന്നാണ് അവാമി ലീഗ് പ്രതികരിച്ചത്. രാഷ്ട്രീയ പദ്ധതി ഹസീന പ്രഖ്യാപിക്കുമെന്നും അവാമി ലീഗ് വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ ആയിട്ടാകും ഷെയ്ക്ക് ഹസീന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുക. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ ശേഷം ആദ്യമായാണ് ഷെയ്ക്ക് ഹസീന വാര്‍ത്താ സമ്മേളനം നടത്തുന്നത്. കൃത്യം രണ്ടാം വര്‍ഷം അതേ ദിനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്ന മുന്‍ പ്രധാനമന്ത്രി, ബംഗ്ലാദേശിലേക്കുള്ള മടങ്ങി പോക്ക് പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിലേക്കുള്ള തന്റെ മടങ്ങിവരവ് പദ്ധതികളും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഹസീന വ്യക്തമാക്കിയേക്കും. പരിപാടിയില്‍ ഹസീനയുടെ മകന്‍ സജീബ് വാസെദ് ജോയിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് സ്ഥാനഭ്രഷ്ടയായപ്പോഴാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് കടന്നത്.

ഇന്ത്യയുമായുള്ള ബന്ധത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്. എന്നാല്‍, പരിപാടിയുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് സ്വകാര്യ സംഘടനയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയത്തില്‍ ബംഗ്ലാദേശ് ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഷെയ്ക്ക് ഹസീനയെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഷെയ്ക്ക് ഹസീനയെ വിട്ടു കിട്ടണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തില്‍ ഇന്ത്യ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News