കാസര്‍കോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ് ലൈനില്‍നിന്നു വീണ് മരിച്ച ഓപ്പറേറ്റര്‍ സനൂപിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി.
10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കി. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ കൃഷ്ണന്റെ മകന്‍ സനൂപ്(25)ആണ് മരിച്ചത്.
മരിച്ച സനൂപ് കൃഷ്ണന്റെ കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മാനേജ്‌മെന്റോ സര്‍ക്കാരോ അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സനൂപിന്റെ മൃതദേഹം ഏറ്റെടുക്കാതെയായിരുന്നു കുടുംബം പ്രതിഷേധം നടത്തിയത്. കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചത്. ഇതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടെത്തിയ ടൂറിസ്റ്റ് യുവതി സിപ് ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെല്‍റ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ, അബദ്ധത്തില്‍ സനൂപിന്റെ കയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. 300 മീറ്ററോളം യുവതിയുടെ കൈ പിടിച്ച് സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലിയില്‍ പ്രവേശിച്ചത്. അമ്മ ജാനകി. സഹോദരങ്ങള്‍: ശരത്, ശ്യാം.

