Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പാര്‍ട്ടി വിശദീകരിക്കട്ടെ'; വി കുഞ്ഞികൃഷ്ണന്‍

'താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പാര്‍ട്ടി വിശദീകരിക്കട്ടെ'; വി കുഞ്ഞികൃഷ്ണന്‍

ണ്ണൂര്‍: തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുന്‍ സിപിഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്‍.

എന്ത് തെറ്റാണ് ചെയ്തതെന്ന് പാര്‍ട്ടി വിശദീകരിക്കട്ടേയെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പാര്‍ട്ടി കൃത്യമായി ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അത് തിരുത്താന്‍ സാധിക്കൂ എന്ന് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. തെറ്റെന്തെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ അതിനനുസരിച്ചുള്ള പ്രതികരണം എന്റെ ഭാഗത്ത് നിന്നുണ്ടാകും. തെറ്റ് ചൂണ്ടിക്കാണിക്കാതെ അത് തിരുത്താന്‍ കഴിയില്ലല്ലോ എന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തനിക്കെതിരേ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിക്ക് ആധാരമായ തെറ്റ് എന്താണെന്ന് സിപിഎം നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അച്ചടക്ക നടപടിക്ക് വിധേയരാകുന്നവര്‍ക്കെതിരേ 'വര്‍ഗവഞ്ചകന്‍', 'കോടാലിക്കൈ', 'ഒറ്റുകാരന്‍' തുടങ്ങിയ പദപ്രയോഗങ്ങള്‍ നടത്തുന്നത് സിപിഎമ്മിന്റെ എല്ലാക്കാലത്തെയും സമീപനമാണ്. അത്തരം പദാവലികള്‍ പാര്‍ട്ടിയുടെ നിഘണ്ടുവിലുള്ളതാണ്. വിഴിഞ്ഞം തുറമുഖം, പിഎം ശ്രീ തുടങ്ങിയ സമീപകാല വിഷയങ്ങളുമായി തനിക്കെതിരേയുള്ള അച്ചടക്ക നടപടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. പുതിയ വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ ശിക്ഷാനടപടിക്ക് കാരണമായ കാര്യങ്ങള്‍ പാര്‍ട്ടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാകാലത്തും കമ്മ്യൂണിസ്റ്റുകാരനായി നിലനില്‍ക്കും. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ല. തന്നെ ബോധപൂര്‍വ്വം യുഡിഎഫുകാരനാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. താന്‍ സ്വതന്ത്ര എംഎല്‍എയാണ്. താന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോയതല്ല, പാര്‍ട്ടി പുറത്താക്കിയതാണ്. പാര്‍ട്ടിയിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച്‌ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം തെറ്റാണെന്ന് സിപിഎം നേതൃത്വം തന്നെ പറയുന്നു. താന്‍ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ കാര്യങ്ങള്‍ സിപിഎം ഇപ്പോള്‍ പരോക്ഷമായി പറയുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.

യുഡിഎഫിന്റെ പിന്തുണ കൊണ്ടാണ് പയ്യന്നൂരില്‍ ജയിച്ചുവന്നത്. പിഎം ശ്രീയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി നിയമസഭയില്‍ കാര്യങ്ങള്‍ വ്യക്തമാക്കി. രേഖകള്‍ വച്ചാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ പറഞ്ഞത്. പിഎം ശ്രീ ഒപ്പുവച്ചത് യുഡിഎഫ് അല്ലല്ലോയെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. എല്‍ഡിഎഫാണ് പദ്ധതിയില്‍ ഒപ്പിട്ടത്. പദ്ധതിയില്‍ ഒപ്പിട്ടത് മുതലാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇക്കാര്യം എല്‍ഡിഎഫ് വിശദീകരിച്ച ശേഷം യുഡിഎഫിന്റെ നിലപാടിനെ കുറിച്ച്‌ പറയാം. യുഡിഎഫ് പിഎം ശ്രീയില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

എംഎല്‍എമാരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രതികരണത്തില്‍ വെട്ടിലായി സിപിഎം. പ്രതികരണം ചര്‍ച്ചയായതോടെ എം വി ജയരാജന്റെ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. കഴിഞ്ഞ ദിവസം പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം വി ജയരാജന്റെ പ്രതികരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News