തിരുവനന്തപുരം: യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പട കാവുവിള മൊണ്ടിയോട് രാഹുല്‍ ഭവനില്‍ രാഹുല്‍ (29) ആണ് മരിച്ചത്.
പെയിന്റിങ് തൊഴിലാളിയായിരുന്നു. ആര്യനാട് കുളപ്പട വാലൂക്കോണം കോലിക്കോട് ഭാഗത്ത് റോഡിലാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ രാഹുലിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. മൃതദേഹത്തിന് സമീപത്തായി റബ്ബര്‍ തടിക്കഷണം ഉണ്ട്. ഇതോടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ഒരു സുഹൃത്തിനെ കാണുന്നതിനായാണ് രാഹുല്‍ സംഭവസ്ഥലത്ത് എത്തിയതെന്നാണ് പോലിസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ ഈ പ്രദേശത്ത് സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്നും പോലിസ് പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് പോലിസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും പോലിസ് പറഞ്ഞു.
രാഹുലിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ തെളിവുകളും രാഹുലിന്റെ പരിചയക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

