Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി നഴ്‌സസ് സമരം ഒത്തുതീര്‍ന്നു

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി നഴ്‌സസ് സമരം ഒത്തുതീര്‍ന്നു

തേജസ് 1 week ago

തൃശൂര്‍: ജൂബിലി മിഷന്‍ ആശുപത്രിയില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന സമരം അവസാനിപ്പിക്കാന്‍ ധാരണ.

തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ സി. വിനോദ്കുമാറിന്റെ സാന്നിധ്യത്തില്‍ നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. സമരത്തിലേര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരേ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കുകയില്ലയെന്ന് സമ്മതിച്ച്‌ മാനേജ്മെന്റും ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ അനുരഞ്ജന ചര്‍ച്ച. തൃശൂര്‍ സിറ്റി അസി. പോലീസ് കമ്മീഷണര്‍ ടി. ആര്‍. രാജേഷും സന്നിഹിതനായിരുന്നു.

സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ നഴ്സിംഗ് ജീവനക്കാരെയും ഈമാസം 30-നകം ഘട്ടംഘട്ടമായി, അവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും. മേല്‍പ്പറഞ്ഞ ജീവനക്കാരെ 80:20 അനുപാതത്തില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ (ആദ്യത്തെ ഒന്നര മാസത്തിനുള്ളില്‍ 40% ജീവനക്കാരെയും, തുടര്‍ന്ന് ബാക്കി 40% ജീവനക്കാരെയും അവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന അതേ വിഭാഗങ്ങളില്‍ തന്നെ) പുനഃപ്രവേശിപ്പിക്കാമെന്ന മാനേജ്മന്റ് തീരുമാനം യൂണിയന്‍ അംഗീകരിച്ചു.

കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചിട്ടുള്ള നഴ്സിംഗ് ജീവനക്കാരെ ആദ്യം 1 വര്‍ഷത്തേക്കും പിന്നീട് 3 വര്‍ഷത്തേക്കും, തുടര്‍ന്ന് 5 വര്‍ഷത്തേക്കും നിയമിക്കുന്നതാണെന്ന് മാനേജ്മെന്റ് സമ്മതിച്ചു. ജനറല്‍ ഷിഫ്റ്റ് ഒഴികെ സ്ഥാപനത്തിലെ എല്ലാ നഴ്സിംഗ് ജീവനക്കാരുടെയും ഷിഫ്റ്റ് സമ്പ്രദായം 6-6-12 എന്ന രീതിയില്‍ ക്രമീകരിക്കും. ശമ്പളവര്‍ധനവ് അടക്കമുള്ള മറ്റ് തര്‍ക്ക വിഷയങ്ങളില്‍ മാനേജ്‌മെന്റും യൂണിയനും തമ്മില്‍ തൊഴില്‍വകുപ്പിന്റെ മധ്യസ്ഥതയില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി രമ്യമായി പരിഹരിക്കുമെന്ന് ഇരുകക്ഷികളും സമ്മതിച്ചു. 2026 ആഗസ്ത് നാലിന് നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികളായ ഡോ. ബെന്നി ജോസെഫ് നീലയാങ്കാവില്‍, ഫാദര്‍. ജസ്റ്റിന്‍ പൂഴിക്കുന്നേല്‍, ജോഷി പാവില്‍, യൂണിയന്‍ പ്രതിനിധികളായ എം. ജാസ്മിന്‍ഷാ, ലിജോ ജോസഫ് എന്നിവരും പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News