കല്പറ്റ: വയനാട് തുരങ്കപാത നിര്‍മാണ പ്രദേശമായ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളെ കൂടി കണ്ടെത്തി.
ജെസിബി വെച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്. നിലവില്‍ ദുരന്തമുഖത്തെ നാല് സോണുകളിലായി പരിശോധന തുടരുകയാണ്.
ഇതില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് മുഖ്യമന്ത്രി അന്വേഷണ കമ്മിറ്റിയെ പ്രഖ്യാപിക്കുമെന്നും വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട് ഇന്ന് വ്യക്തത വരുമെന്നും മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. ദ്രുതഗതിയില്‍ അന്വേഷണം നടത്തും. നിര്‍മ്മാണ കമ്പനി മാനദണ്ഡങ്ങള്‍ പാലിച്ചോ നിര്‍ദേശങ്ങള്‍ പാലിച്ചോ എന്നതടക്കം പരിശോധിക്കും. ദേശാഭിമാനിയ്ക്ക് എന്തും പറയാമെന്ന് പറഞ്ഞ മന്ത്രി അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. പദ്ധതി കൊണ്ടുവന്നത് പദ്ധതിയുമായി മുന്നോട്ടുപോയത് മൂന്ന് ഉദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചത് ഒക്കെ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

