Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

തേജസ് 3 days ago

കോഴിക്കോട്: വടകരയില്‍ എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അധ്യാപികമാരെ പോലിസ് കസ്റ്റഡിയില്‍വിട്ടു.

പ്രതികളായ കാവ്യ, നീഷ്മ എന്നിവരെയാണ് രണ്ടുദിവസത്തേക്ക് വടകര എന്‍ഡിപിഎസ് കോടതി കസ്റ്റഡിയില്‍വിട്ടത്. പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതികളെ ഒരുമിച്ച്‌ ഇരുത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പോലിസ് കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിവരെ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.

സര്‍വശിക്ഷ കേരളത്തിനു കീഴില്‍ വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ക്കു പരിശീലനം നല്‍കുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ അധ്യാപികമാരായിരുന്നു കേസില്‍ പിടിയിലായ വി പി നീഷ്മ, കാവ്യ, കീര്‍ത്തന തുടങ്ങിയവര്‍. മൂന്നുപേര്‍ അധ്യാപികമാരാണ് എന്നതാണ് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.

പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ മൂന്നുപേരേയും കേസില്‍ ഉള്‍പ്പെട്ടതോടെ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ ലഹരി മാഫിയയുമായി ബന്ധം പുലര്‍ത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവര്‍ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്.

അതേസമയം, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസില്‍ പെട്ടുപോയതാണെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. കേസിലെ മറ്റൊരു പ്രതിയായ കീര്‍ത്തന പറയുന്നതൊന്നും വിശ്വസിക്കരുതെന്നും യാഥാര്‍ഥ്യം അതൊന്നുമല്ലെന്നും അവര്‍ പറഞ്ഞു. കേസില്‍ കാവ്യയടക്കം മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമായിരുന്നു അറസ്റ്റിലായത്.

കേസില്‍ അറസ്റ്റിലായ ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റ് ജിജില്‍ കുര്യാക്കോസിനാണ് അധ്യാപികമാര്‍ ലഹരിവില്‍പനയിലൂടെ ലഭിച്ച പണം കൈമാറിയിരുന്നത്. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന, നിരവധി ലഹരി കേസുകളില്‍ പ്രതിയായ ഷിന്റോ ഷിബുവിനെ(22) ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ വാട്‌സാപ് സന്ദേശങ്ങളിലൂടെ ആസൂത്രിതമായാണ് ലഹരി കച്ചവടം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News