Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്: വിദ്യാഭ്യാസത്തിന് മുന്‍ഗണന, സ്ത്രീകള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍

വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്: വിദ്യാഭ്യാസത്തിന് മുന്‍ഗണന, സ്ത്രീകള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍

തേജസ് 2 weeks ago

ചെന്നൈ: തമിഴ്നാടിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വില്‍സണ്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹ സമ്മാനമായി സ്വര്‍ണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളാണ് വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലുള്ളത്. വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ തുകയാണ് ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 2031ഓടെ സംസ്ഥാനത്തെ 1.5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നിര്‍ണായക പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായും സ്‌കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും പ്രത്യേക പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. 'ഡ്രഗ് ഫ്രീ തമിഴ്‌നാട്' എന്ന ആശയവും ബജറ്റില്‍ മുന്‍പോട്ട് വെക്കുന്നുണ്ട്. ഇതിനും വേണ്ടി സ്‌കൂളുകളില്‍ പ്രത്യേക വളണ്ടിയര്‍ ഗ്രൂപ്പുകളുണ്ടാക്കും. ഇതുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കും. കോളജ് വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനം ഉറപ്പാക്കാന്‍ ലാപ്‌ടോപ്പുകള്‍ നല്‍കുന്ന വെട്രി ലാപ്‌ടോപ് സ്‌കീമിനായി 2,000 കോടി രൂപ അനുവദിച്ചു. കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നല്‍കുന്നതാണ് പദ്ധതി. കൂടാതെ സൗജന്യ താമസവും പഠനവും നല്‍കുന്ന പെരുന്തലൈവര്‍ കാമരാജര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കായി 125 കോടി രൂപയും നീക്കിവച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും വകയിരുത്തി. 3,734 സര്‍ക്കാര്‍ സ്‌കൂളുകള്‍ നവീകരിക്കുന്നതിനായി 300 കോടി രൂപ നീക്കിവെച്ചു. 10,000 സ്‌കൂളുകളില്‍ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന 'സൂപ്പര്‍ ക്ലീന്‍, സൂപ്പര്‍ ക്യാംപസ്' പദ്ധതിക്കായി 139 കോടി രൂപ അനുവദിച്ചു. മധുരയില്‍ പുതിയ സ്‌പെഷ്യല്‍ ലോ കോളജും 90 കോടി ചെലവില്‍ അഞ്ച് പുതിയ ഐടിഐകളും ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം തിരികെ കൊണ്ടുവരണമെന്ന് ധനമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ സാമ്പത്തിക കടം ഇരട്ടിയായ പശ്ചാത്തലത്തില്‍ മദ്യ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി 1,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താനും ടെന്‍ഡര്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള ദ്രുത പ്രതികരണ സേനയും ഉള്‍പ്പെടെയുള്ള പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഘട്ടങ്ങളായി നടപ്പിലാക്കുമെന്നും ബജറ്റില്‍ ഉറപ്പുനല്‍കുന്നുണ്ട്.

ഗര്‍ഭിണികള്‍ക്കായി എല്ലാ ജില്ലകളിലും പരിചരണകേന്ദ്രങ്ങള്‍ ആരംഭിക്കും. സൗജന്യ ഭക്ഷണവും വൈദ്യസഹായവും നല്‍കും. ഇതിനായി 23 കോടി രൂപ പ്രഖ്യാപിച്ചു. നവവധുവിന് സര്‍ക്കാര്‍ സമ്മാനം നല്‍കും. ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയുമാണ് സമ്മാനിക്കുക. 812 കോടിയാണ് ഇതിനായി വകയിരുത്തിയത്. ഇലക്‌ട്രിക് വാഹനങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ പരിശീലിപ്പിക്കുന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. 22,500 മെക്കാനിക്കുകള്‍ക്ക് പരിശീലനം നല്‍കും. ഇതിനായി മൂന്ന് കോടി രൂപ വകയിരുത്തി. മല്‍സ്യത്തൊഴിലാളികളുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ വിജയ് പ്രഖ്യാപിച്ചിരുന്നു. 6,000 രൂപയായിരുന്നു പ്രതിമാസ വേതനം ഇത് 7,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഹജ്ജിന് ആദ്യം പോകുന്നവര്‍ക്ക് 25,000 രൂപയില്‍ നിന്ന് 35,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News