നാഷണല്‍
യോഗി സര്‍ക്കാര്‍ പരിപാടിയില്‍ കുട്ടികളോട് അവഗണന; റിപോര്‍ട്ട് ചെയ്തതിന് 3 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കാണ്‍പൂര്‍: സര്‍ക്കാര്‍ പരിപാടിയില്‍ കുട്ടികളോട് കാണിച്ച അവഗണന റിപോര്‍ട്ട് ചെയ്തതിന് 3 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്. സ്കൂള്‍ കുട്ടികളെ ശീതകാല വസ്ത്രം നല്‍കാതെ വ്യായാമം ചെയ്യിപ്പിച്ചെന്ന വാര്‍ത്താ റിപോര്‍ട്ട് ചെയ്തതിന് ഒരു വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന മൂന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്.
വ്യാജവാര്‍ത്ത റിപോര്‍ട്ട് ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധാരിപ്പിച്ചു, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു സര്‍ക്കാര്‍ സ്കൂളുകളിലെ പ്രാഥമിക വിദ്യാഭ്യാസ പരിപാലന ഉദ്യോഗസ്ഥനായ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) സമര്‍പ്പിച്ച പരാതിയിലാണ് എഫ്ഐആര്‍.
കാണ്‍പൂര്‍ ജില്ലയിലെ അക്ബര്‍പൂര്‍ പോലിസ് സ്റ്റേഷനില്‍ ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) സുനിത് ദത്ത് നല്കിയ പരാതിയില്‍ മോഹിത്, അമിത്, യാസിന് എന്നീ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത പരിപാടിയില്‍ നിരവധി സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ശീതകാല വസ്ത്രമില്ലാത്തതിനെ തുടര്‍ന്ന് തണുത്ത് വിറച്ചെന്നായിരുന്നു വാര്‍ത്താ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്നും ബിഎസ്എ ആരോപിച്ചു.
കുട്ടികളെ ശീതകാല വസ്ത്രം അഴിച്ചുമാറ്റിയത് വ്യായാമത്തിനായി മാത്രമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. യുപി സ്ഥാപക ദിന ആഘോഷത്തിനായിരുന്നു കുട്ടികളോടുള്ള ക്രൂരത. ഞായറാഴ്ച നടന്ന ചടങ്ങില്‍ സംസ്ഥാന സാങ്കേതിക വകുപ്പ് മന്ത്രി അജിത് പാല് സിങ്, നിരവധി എംഎല്‍എമാര്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.