ന്യൂഡല്‍ഹി: ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കില്‍ നിന്ന് ഡല്‍ഹിയിലെ കശ്മീർ ഗേറ്റിലേക്കുള്ള 43 കിലോമീറ്റർ ദൂരത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി 16കാരിക്കെതിരായ ബസ് പീഡനക്കേസില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നു (Delhi Minor Girl Assault Case).
സംഭവത്തില്‍ സ്വകാര്യ സ്ലീപ്പർ ബസിലെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായ സാഹചര്യത്തിലാണ് ബസ് സഞ്ചരിച്ച് പോലീസ് ചെക്ക്‌പോസ്റ്റുകള്‍, ബാരിക്കേഡുകള്‍, സിസിടിവി നിരീക്ഷണം എന്നിവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.
ഓഗസ്റ്റ് നാലിന് രാത്രിയാണ് പെണ്‍കുട്ടി പരി ചൗക്കില്‍ നിന്ന് ബസില്‍ കയറിയത്. നോയിഡ സെക്ടർ 63ല്‍ ഇറക്കാമെന്ന് കരുതിയായിരുന്നു യാത്ര. എന്നാല്‍ യാത്രയ്ക്കിടെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് കശ്മീർ ഗേറ്റിന് സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പരി ചൗക്കില്‍ പോലീസ് ബൂത്ത്, പിസിആർ വാൻ, ശക്തമായ ബാരിക്കേഡുകള്‍ എന്നിവ കണ്ടെത്താനായി. എന്നാല്‍ ഡല്‍ഹി-നോയിഡ അതിർത്തിയിലെ മയൂർ വിഹാർ ഭാഗത്ത് പകല്‍ നടത്തിയ പരിശോധനയില്‍ ബാരിക്കേഡുകള്‍ ഉണ്ടായിരുന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ കാണാനായില്ല. സാധാരണയായി രാത്രികാലങ്ങളില്‍ ഇവിടെ പോലീസ് സാന്നിധ്യമുണ്ടാകാറുണ്ടെന്നാണ് വിവരം. അതേസമയം, ഓഗസ്റ്റ് നാലിന് രാത്രി ഇവിടെ പോലീസുണ്ടായിരുന്നോ എന്ന് പകല്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാകില്ലെന്നും വ്യക്തമാക്കുന്നു.
മയൂർ വിഹാറിലെ പ്രധാന ട്രാഫിക് സിഗ്നലുകളില്‍ സിസിടിവി ക്യാമറകളുടെ അഭാവവും ശ്രദ്ധയില്‍പ്പെട്ടു. തിരക്കേറിയ ഈ മേഖലയില്‍ തുടർച്ചയായ നിരീക്ഷണ സംവിധാനം എത്രത്തോളം ലഭ്യമാണ് എന്നതിനെക്കുറിച്ചാണ് ഇതോടെ ചോദ്യങ്ങള്‍ ഉയരുന്നത്. 43 കിലോമീറ്റർ ദൂരത്തിനിടെ ആകെ രണ്ട് പോലീസ് ചെക്ക്‌പോസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കശ്മീർ ഗേറ്റിലെത്തിയപ്പോള്‍ വ്യക്തമായ പോലീസ് ചെക്ക്‌പോസ്റ്റോ ബാരിക്കേഡുകളോ കാണാനായില്ല.
അതേസമയം, കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി പോലീസ് ബസ് സഞ്ചരിച്ച റൂട്ട് വിശദമായി പരിശോധിച്ചുവരികയാണ്. റൂട്ടിലെ പോലീസ് ചെക്ക്‌പോസ്റ്റുകള്‍, ബാരിക്കേഡുകള്‍, ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ച് ബസിന്റെ യാത്ര പുനഃസൃഷ്ടിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സാങ്കേതിക തകരാറിനെ തുടർന്ന് ബസ് ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂർ വർക്ക്‌ഷോപ്പില്‍ എത്തിച്ചിരുന്നതായും പിന്നീട് പെയിന്റിങ്ങിനായി കശ്മീർ ഗേറ്റിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കശ്മീർ ഗേറ്റ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം ഡ്രൈവർ കുല്‍ദീപ് (39), കണ്ടക്ടർ സന്ദീപ് (26) എന്നിവരെ തിമാർപൂരിലെ പാർക്കിങ് കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വാഹനത്തിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയുടെ മുടിയിഴകള്‍ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തില്‍ സുരക്ഷാ സംവിധാനങ്ങളിലുണ്ടായിരുന്ന വീഴ്ചകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
Summary: A 43-km route between Greater Noida and Delhi has come under scrutiny after a 16-year-old girl was allegedly sexually assaulted inside a moving private bus. A ground check found only two visible police checkpoints along the route, while gaps in CCTV surveillance have also raised concerns.

