കണ്ണൂർ: എല്‍.ഡി.എഫ്. സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു.
2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.(97 percent of promises implemented, CM releases government’s 10-year progress report)
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി സർക്കാർ നല്‍കിയ ഉറപ്പുകളുടെ പാലനം മുഖ്യമന്ത്രി വിശദീകരിച്ചു. 2016-ല്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂർത്തിയാക്കി. 2021-ലെ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി. ബാക്കിയുള്ളവ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. സർക്കാരിന്റെ പ്രധാന വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി കണക്കുകള്‍ നല്‍കി.
ലൈഫ് മിഷൻ പദ്ധതി വഴി അഞ്ച് ലക്ഷം വീടുകള്‍ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കള്‍ക്ക് നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിക്ക് പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാൻ സാധിച്ചു. ഡിജിറ്റല്‍ സർവേയുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർ തിരക്കിലായതിനാലാണ് പട്ടയ വിതരണം അഞ്ച് ലക്ഷം എന്ന ലക്ഷ്യത്തില്‍ എത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു. ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാത നിർമ്മാണം എന്നിവയിലെ പുരോഗതിയും റിപ്പോർട്ടില്‍ എടുത്തുപറയുന്നു. സർക്കാരിന്റെ പത്താം വർഷത്തില്‍ എല്‍.ഡി.എഫ്. മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

