Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആഫ്രിക്കയിലെ എബോള വ്യാപനം: മുന്നറിയിപ്പുമായി WHO, അറിയേണ്ട കാര്യങ്ങള്‍.. | Ebola outbreak

ആഫ്രിക്കയിലെ എബോള വ്യാപനം: മുന്നറിയിപ്പുമായി WHO, അറിയേണ്ട കാര്യങ്ങള്‍.. | Ebola outbreak

Times Kerala 1 day ago

കോംഗോ: ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന.

വൈറസ് വ്യാപനം അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയ ഡബ്ല്യൂ.എച്ച്‌.ഒ ഡയറക്ടർ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്, ഇതിനെ ഒരു ‘ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ പ്രഖ്യാപിച്ചു. ജനീവയില്‍ നടന്ന ലോകാരോഗ്യ അസംബ്ലിയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. നിലവില്‍ 516-ലധികം പേർക്ക് രോഗബാധ സംശയിക്കുന്നതായും ഇതിനകം നൂറ്റിമുപ്പതിലേറെ പേർ മരണപ്പെട്ടതായും അദ്ദേഹം അറിയിച്ചു.(Ebola outbreak, WHO Declares Global Health Emergency )

മധ്യ, കിഴക്കൻ ആഫ്രിക്കൻ മേഖലകളില്‍ ഇപ്പോഴുണ്ടായ രോഗവ്യാപനത്തിന് പിന്നില്‍ എബോളയുടെ ഏറ്റവും അപൂർവ വകഭേദമായ ‘ബൂൻഡിബുഗോ’ ആണെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ഈ വകഭേദത്തിനെതിരെ കൃത്യമായി അംഗീകരിക്കപ്പെട്ട മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. രോഗബാധ കണ്ടെത്താനും പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാനുമായി കോംഗോയും ഉഗാണ്ടയും അടിയന്തര കണ്‍ട്രോള്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്ന് ഡബ്ല്യൂ.എച്ച്‌.ഒ നിർദ്ദേശിച്ചിട്ടുണ്ട്. ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ബൂൻഡിബുഗോ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗം കേസുകളും കോംഗോയിലാണ്.

ഓർത്തോബോള വൈറസ് വിഭാഗത്തില്‍പ്പെടുന്ന വൈറസുകള്‍ മൂലമുണ്ടാകുന്ന, ശരീരത്തില്‍ കടുത്ത രക്തസ്രാവത്തിന് കാരണമാകുന്ന മാരകമായ ഒരു പകർച്ചവ്യാധിയാണിത്. ഇതിന്റെ ശരാശരി മരണനിരക്ക് ഏകദേശം 50 ശതമാനത്തോളമാണ്. കാടുകളില്‍ രോഗം ബാധിച്ചതോ ചത്തതോ ആയ വവ്വാലുകള്‍, ചിമ്പൻസികള്‍, ഗൊറില്ലകള്‍, കുരങ്ങുകള്‍, മാനുകള്‍, മുള്ളൻപന്നികള്‍ എന്നിവയുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ആദ്യമായി വൈറസ് മനുഷ്യരിലെത്തുന്നത്. രോഗബാധിതരായ ആളുകളുടെ രക്തം, സ്രവങ്ങള്‍, അവയവങ്ങള്‍ അല്ലെങ്കില്‍ അവർ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം അതിവേഗം പടരും. ഛർദ്ദി, ഉമിനീര്, ബീജം തുടങ്ങിയ ശരീരസ്രവങ്ങള്‍ വഴിയും രോഗം പകരാം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ 2 മുതല്‍ 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കടുത്ത ക്ഷീണം, പേശി വേദന, തലവേദന, തൊണ്ടവേദന, ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമ്മത്തില്‍ തിണർപ്പുകള്‍, വൃക്ക, കരള്‍ എന്നിവയുടെ പ്രവർത്തന വൈകല്യം എന്നിവയാണ് ലക്ഷണങ്ങള്‍. ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഭാഗങ്ങളില്‍ നിന്നുള്ള രക്തസ്രാവം ഉണ്ടാകും.

ആർ.ടി-പി.സി.ആർ (RT-PCR) ടെസ്റ്റ്, എലിസ (ELISA) ടെസ്റ്റ്, ആന്റിജൻ ഡിറ്റക്ഷൻ ടെസ്റ്റുകള്‍, സെല്‍ കള്‍ച്ചർ എന്നിവയിലൂടെ എബോള സ്ഥിരീകരിക്കാൻ സാധിക്കും. എബോളയുടെ സാധാരണ വകഭേദങ്ങള്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡികളായ mAb114 അല്ലെങ്കില്‍ REGN-EB3 എന്നിവ ഉപയോഗിച്ചുള്ള ചികിത്സ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂർണ്ണ സുരക്ഷിതത്വത്തോടെ മാത്രം സംസ്‌കരിക്കുക. രോഗികളുമായി സമ്പർക്കത്തില്‍ വന്നവരെ കണ്ടെത്തി 21 ദിവസത്തേക്ക് കൃത്യമായി നിരീക്ഷിക്കുക. രോഗം സ്ഥിരീകരിച്ചവരെയും ലക്ഷണങ്ങള്‍ ഉള്ളവരെയും ഐസൊലേഷനിലേക്ക് മാറ്റി പ്രത്യേക പരിചരണം നല്‍കുക. മികച്ച വ്യക്തിശുചിത്വവും വിദ്യാലയങ്ങളിലും വീടുകളിലും വൃത്തിയുള്ള അന്തരീക്ഷവും നിലനിർത്തുക.

Story Summary

The World Health Organization (WHO) has declared the Ebola outbreak in the Democratic Republic of Congo and Uganda a Public Health Emergency of International Concern. WHO Director-General Tedros Adhanom Ghebreyesus confirmed over 130 deaths and 516 suspected cases, primarily driven by the rare Bundibugyo variant, for which no approved vaccine currently exists. The virus causes hemorrhagic fever with a 50% mortality rate, spreading through direct contact with infected bodily fluids.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala