ന്യൂഡല്‍ഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങള്‍ വഴി വ്യാജ ആൻഡ്രോയിഡ് ആപ്പുകള്‍ പ്രചരിപ്പിച്ച് വൻതോതില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (MHA) മുന്നറിയിപ്പ്.
അശ്ലീല ആപ്പുകള്‍ എന്ന വ്യാജേനയാണ് ഇത്തരം അപകടകരമായ ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നത്.(MHA Issues Warning Against Fake Adult Apps Cyber Fraud)
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് (I4C) കീഴിലുള്ള നാഷണല്‍ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് (NCTAU) ഇത് സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. “Night Play”, “Reloop”, “Kyss”, “Vimo”, “Rivo”, “Nexo”, “Vixa” തുടങ്ങിയ പേരുകളിലാണ് ഈ വ്യാജ ആപ്പുകള്‍ പ്രചരിക്കുന്നത്.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ എത്തുന്ന വെബ്‌സൈറ്റുകളില്‍ നിന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുള്ള എ.പി.കെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇൻസ്റ്റാള്‍ ചെയ്ത ശേഷം ആപ്പ് അപ്‌ഡേറ്റ് എന്ന വ്യാജേന രണ്ടാമതൊരു പാക്കേജ് ഡൗണ്‍ലോഡ് ചെയ്യുകയും ഫോണിന്റെ ‘ആക്സസിബിലിറ്റി പെർമിഷനുകള്‍’ കൈക്കലാക്കുകയും ചെയ്യുന്നു. ഇതിലൂടെ ഉപയോക്താവിന്റെ സ്ക്രീൻ വായിക്കാനും, ഒ.ടി.പി (OTP), പിൻ (PIN) എന്നിവ ചോർത്തി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനും തട്ടിപ്പുകാർക്ക് സാധിക്കും.
തേഡ് പാർട്ടി ലിങ്കുകളില്‍ നിന്നോ സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ നിന്നോ എ.പി.കെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും, അപരിചിതമായ ആപ്പുകള്‍ക്ക് ആക്സസിബിലിറ്റി പെർമിഷൻ നല്‍കരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സംശയാസ്പദമായ ആപ്പുകള്‍ അണ്‍ഇൻസ്റ്റാള്‍ ചെയ്യാൻ സാധിച്ചില്ലെങ്കില്‍ ഫോണ്‍ ‘സേഫ് മോഡില്‍’ റീസ്റ്റാർട്ട് ചെയ്ത് ആപ്പുകള്‍ നീക്കം ചെയ്യാവുന്നതാണ്.
Story Summary
The Ministry of Home Affairs has issued a cybercrime advisory warning against financial frauds operating through fake adult Android apps promoted on Meta platforms. The malware gains accessibility permissions to steal OTPs and transfer funds, prompting authorities to advise users against downloading APK files from untrusted external links.

