കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വിവാദമായ അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി എല്‍ഡിഎഫ് സ്ഥാനാർത്ഥി ടി.പി.
രാമകൃഷ്ണൻ. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു അനൗണ്‍സ്‌മെന്റും എല്‍ഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി.(Announcement controversy, TP Ramakrishnan says no violation of rules; replies to Election Commission)
പേരാമ്പ്രയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച സംഭവത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയത്തില്‍ പരാതി നല്‍കിയത് ഇടതുപക്ഷമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രചാരണത്തിനായി ഉപയോഗിച്ച വാഹനങ്ങളുടെ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും അനൗണ്‍സ്‌മെന്റുകളുടെ റെക്കോർഡിംഗും തെളിവായി ഹാജരാക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന ആക്ഷേപം എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.പി. രാമകൃഷ്ണന് യുവനേതാവായ ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വം ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന ആശങ്ക ഇരുമുന്നണികള്‍ക്കുമുണ്ട്.

