തനിക്ക് നേരിടേണ്ടി വന്ന അത്യന്തം അസ്വസ്ഥതയുണ്ടാക്കിയ ഒരു ദുരനുഭവം വെളിപ്പെടുത്തി പ്രശസ്ത സിത്താറിസ്റ്റും ഗ്രാമി നോമിനേഷൻ ജേതാവുമായ അനൗഷ്‌ക ശങ്കർ (Anoushka Shankar fan inappropriate behavior).
ഒരു സംഗീത പരിപാടിയ്ക്ക് ശേഷം ആരാധകരെ കാണുന്നതിനിടെ ഒരാള്‍ തന്റെ അനുവാദമില്ലാതെ എടുത്തുയർത്തിയെന്നാണ് അനൗഷ്ക വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് താരം ഈ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
“കഴിഞ്ഞയാഴ്ച ഒരു പുരുഷൻ എന്നെ എടുത്തുയർത്തി. ശരിക്കും അയാള്‍ എന്നെ എടുത്ത് ഉയർത്തുകയായിരുന്നു. അങ്ങനെ ചെയ്യാമോ എന്ന് അയാള്‍ ചോദിച്ചിരുന്നു. പക്ഷെ ഞാൻ മറുപടി നല്‍കുന്നതിന് കാത്തുനില്‍ക്കാതെ അയാള്‍ എന്നെ വായുവിലേക്ക് എടുത്തുയർത്തുകയായിരുന്നു. ഒരു അപരിചിതന്റെ കരവലയത്തില്‍, കാലുകള്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ,” അനൗഷ്ക പറയുന്നു.
ഷോയ്ക്ക് ശേഷം ആരാധകരെ കാണുന്നതിനിടെ വളരെ പെട്ടെന്നായിരുന്നു ഇതെല്ലാം സംഭവിച്ചത്. ആ സമയത്ത് അസ്വാഭാവികമായി ചിരിച്ചു കൊണ്ട് തന്നെ താഴെയിറക്കാൻ ആവശ്യപ്പെടുകയും, ശേഷം അയാളുടെ പക്കലുണ്ടായിരുന്ന പോസ്റ്ററില്‍ ഒപ്പിട്ട് നല്‍കി കൈവീശി കാണിക്കുകയുമാണ് താൻ ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.
പിന്നീട് ഈ അനുഭവം മറ്റുള്ളവരുമായി പങ്കുവെച്ചപ്പോഴാണ് അതിന്റെ ഗൗരവം തനിക്ക് ബോധ്യപ്പെട്ടതെന്ന് അനൗഷ്ക വ്യക്തമാക്കുന്നു. അയാള്‍ക്ക് ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും അമിതാവേശത്തില്‍ ചെയ്തതാകാമെന്നുമാണ് താൻ കരുതിയിരുന്നത്. എന്നാല്‍ മറ്റുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്നും അവർ തന്നെക്കാളും അസ്വസ്ഥതയും ഞെട്ടലും അനുഭവപ്പെടുന്നത് കണ്ടപ്പോഴാണ് യാഥാർത്ഥ്യം മനസ്സിലായത്.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഉടനെ എങ്ങനെ പ്രതികരിക്കണമെന്ന് പലപ്പോഴും അറിയില്ലെന്നും, സ്വന്തം അസ്വസ്ഥതയേക്കാള്‍ മറ്റുള്ളവരുടെ ഉദ്ദേശശുദ്ധിയ്ക്കാണ് താൻ മുൻഗണന നല്‍കിയതെന്നും അവർ കുറിച്ചു. ലജ്ജയും നാണക്കേടും നിരാശയും ഉണ്ടാക്കുന്ന ഇത്തരം സങ്കീർണ്ണതകളോട് താൻ ഇപ്പോഴും പോരാടുകയാണെന്നും താരം പറയുന്നു.
പഴയകാല മുറിവുകളെ ഈ സംഭവം ഓർമ്മിപ്പിച്ചുവെന്ന് വ്യക്തമാക്കിയ അനൗഷ്ക, സമാനമായ അനുഭവങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവർക്കായി ഒരു സന്ദേശവും പങ്കുവെച്ചു: “നിങ്ങളും ഇത്തരം അനുഭവങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ദയവായി നിങ്ങളോട് മൃദുവായി പെരുമാറുക. ശാന്തിയുടെ (Healing) പാത വളഞ്ഞുപുളഞ്ഞുപോകുന്നതാണ്, ഒരിക്കലും നേർരേഖയിലുള്ളതല്ല. ഒരു നിമിഷത്തേക്ക് നിങ്ങളുടെ ശബ്ദം നഷ്ടപ്പെട്ടാല്‍, അത് എപ്പോഴും നിങ്ങള്‍ക്ക് ഉള്ളില്‍ കണ്ടെത്താനാകുമെന്ന് ഓർക്കുക.”
Story Summary: Grammy-nominated sitarist and composer Anoushka Shankar shared a distressing experience on social media, where a male fan lifted her into the air without waiting for her consent during a post-show meet-and-greet. She reflected on boundaries, her internal struggle with the incident, and healing from past scars.

