ചിറ്റാർ: വ്യാജരേഖകള്‍ തയ്യാറാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പൊലീസ് കസ്റ്റഡിയില്‍ (Pathanamthitta VEO fraud case).
തണ്ണിത്തോട് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം. ആർ. റാണിലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തണ്ണിത്തോട് പഞ്ചായത്തിന് പുറത്തുള്ള ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ കൈമാറിയതായി കണ്ടെത്തിയതോടെയാണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്. പഞ്ചായത്ത് ഭരണസമിതി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
ഈ വർഷം ഫെബ്രുവരി മുതലാണ് റാണിലക്ഷ്മി തണ്ണിത്തോട് പഞ്ചായത്തില്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ചുമതലയേറ്റത്. ഇതിന് മുമ്പ് സേവനമനുഷ്ഠിച്ചിരുന്ന സീതത്തോട് പഞ്ചായത്തിലും സമാനരീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടന്നതായി ഭരണസമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
ലൈഫ് ഭവനപദ്ധതി, വീടുകളുടെ നവീകരണ പദ്ധതി എന്നിവ പൂർത്തിയാക്കിയ അർഹരായ ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടർന്ന് സീതത്തോട് പഞ്ചായത്ത് ഭരണസമിതി നേരത്തെ റാണിലക്ഷ്മിയോട് വിശദീകരണം തേടിയിരുന്നു. പൂർത്തിയായ പദ്ധതികള്‍ക്കുള്ള തുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് നിർദേശം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
സാമ്പത്തിക ഇടപാടുകളില്‍ സംശയം ശക്തമായതിനെ തുടർന്ന് വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായി തുക അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ട വിഷയം പഞ്ചായത്ത് യോഗത്തില്‍ ചർച്ചയ്ക്കായി ഉള്‍പ്പെടുത്തി. എന്നാല്‍ ആവശ്യമായ രേഖകള്‍ യോഗത്തില്‍ ഹാജരാക്കാത്തതിനെ തുടർന്ന് മൂന്ന് ദിവസത്തെ അധികസമയം അനുവദിച്ചിരുന്നു.
പിന്നീട് സ്ഥലംമാറ്റം ലഭിച്ച് പോയ റാണിലക്ഷ്മി രേഖകള്‍ കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് സീതത്തോട് പഞ്ചായത്തിലെ നിലവിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചതെന്ന് അധികൃതർ പറയുന്നു.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നാണ് വിവരം. അമ്മ, ഭർത്താവ്, സുഹൃത്തുക്കള്‍ എന്നിവരെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തി വ്യാജരേഖകള്‍ തയ്യാറാക്കി പണം കൈക്കലാക്കിയെന്നാണ് പരാതിയിലെ ആരോപണം.
റാണിലക്ഷ്മി ചുമതല വഹിച്ചിരുന്ന കാലയളവിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിക്കണമെന്നും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും തണ്ണിത്തോട്, സീതത്തോട് പഞ്ചായത്ത് ഭരണസമിതികള്‍ പൊലീസിനും തദ്ദേശസ്വയംഭരണ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, റാണിലക്ഷ്മി മുമ്പ് ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും സമാന രീതിയിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Summary: A Village Extension Officer in Pathanamthitta was taken into police custody following allegations of fraud involving Kerala’s LIFE housing scheme. The complaints allege that fake documents were used to list relatives and friends as beneficiaries and divert public funds, while authorities are examining financial transactions from multiple panchayats where she previously worked.

