Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാളില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് നേരെ വീണ്ടും തെരുവാക്രമണം; അഭിഷേകിന് പിന്നാലെ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയെ നടുറോഡില്‍ തലയ്ക്കടിച്ചു വീഴ്ത്തി | Kalyan Banerjee MP attacked Bengal

ബംഗാളില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് നേരെ വീണ്ടും തെരുവാക്രമണം; അഭിഷേകിന് പിന്നാലെ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയെ നടുറോഡില്‍ തലയ്ക്കടിച്ചു വീഴ്ത്തി | Kalyan Banerjee MP attacked Bengal

Times Kerala 2 weeks ago

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള പരമ്പര ആക്രമണങ്ങള്‍ തുടരുന്നു (Kalyan Banerjee MP attacked Bengal).

പാർട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി എം.പിക്ക് നേരെ ശനിയാഴ്ചയുണ്ടായ വധശ്രമത്തിന് പിന്നാലെ, ടി.എം.സിയുടെ മുതിർന്ന നേതാവും ലോക്‌സഭയിലെ പാർട്ടി ചീഫ് വിപ്പുമായ കല്യാണ്‍ ബാനർജി എം.പിയെ ഒരുസംഘം നടുറോഡില്‍ അതിക്രൂരമായി തലയ്ക്കടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ എം.പിയെ വളഞ്ഞുവെച്ച്‌ ആള്‍ക്കൂട്ടം വീണ്ടും മർദ്ദിക്കുകയായിരുന്നു.

കനത്ത മർദ്ദനമേറ്റതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇദ്ദേഹത്തെ മാറ്റിയത്. തുടർന്ന് ശാരീരിക അസ്വസ്ഥതകള്‍ വകവെയ്ക്കാതെ തനിക്കെതിരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ കല്യാണ്‍ ബാനർജി നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ചു. അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവർത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ട ടി.എം.സി പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ അഭിഷേക് ബാനർജിയെ സ്ത്രീകളടക്കമുള്ള നാട്ടുകാർ സംഘടിതമായി തടയുകയും ചീമുട്ടയും കല്ലുകളും എറിഞ്ഞ് ആക്രമിക്കുകയുമായിരുന്നു. കള്ളൻ എന്ന് വിളിച്ച്‌ ആക്രോശിച്ചെത്തിയ ജനക്കൂട്ടം അഭിഷേക് സഞ്ചരിച്ച ആഡംബര വാഹനം തല്ലിത്തകർത്തു. അക്രമത്തിനിടയില്‍ പെണ്‍കുട്ടികളും സ്ത്രീകളും ചേർന്ന് എം.പിയുടെ ഷർട്ട് വലിച്ചുകീറുകയും കണ്ണട തല്ലിപ്പൊട്ടിച്ച്‌ വലിച്ചെറിയുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി അദ്ദേഹത്തിന് ചുറ്റും വലയം തീർക്കുകയും, തലയില്‍ ക്രിക്കറ്റ് ഹെല്‍മറ്റ് ധരിപ്പിച്ചുമാണ് കൊല്ലപ്പെട്ട പ്രവർത്തകന്റെ വീട്ടിലേക്ക് സുരക്ഷിതമായി എത്തിച്ചത്. എന്നാല്‍ ജനരോഷം തണുക്കാതെ നാട്ടുകാർ ഈ വീടും വളഞ്ഞ് വാതില്‍ തല്ലിപ്പൊളിക്കാൻ ശ്രമിച്ചത് വൻ ഭീതി പരത്തി.

തെരഞ്ഞെടുപ്പ് അക്രമത്തില്‍ കൊല്ലപ്പെട്ട സഞ്ജു കർമകാർ എന്ന ടി.എം.സി പ്രവർത്തകന്റെ കുടുംബത്തെ കാണാനാണ് അഭിഷേക് ബാനർജി എത്തിയത്. എന്നാല്‍ കൊല്ലപ്പെട്ട സഞ്ജു തൃണമൂല്‍ കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന സാമൂഹ്യവിരുദ്ധനും പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയുമായിരുന്നുവെന്നാണ് നാട്ടുകാർ ഒന്നടങ്കം ആരോപിക്കുന്നത്. ഇതേത്തുടർന്നാണ് ജനങ്ങള്‍ ജനപ്രതിനിധികള്‍ക്കെതിരെ തിരിഞ്ഞത്. ഒടുവില്‍ വൻതോതില്‍ കേന്ദ്രസേനയും കൂടുതല്‍ കൊല്‍ക്കത്ത പോലീസും സ്ഥലത്തെത്തി കനത്ത ലാത്തിച്ചാർജ് നടത്തിയാണ് പ്രകോപിതരായ നാട്ടുകാരെ മാറ്റി അഭിഷേകിനെ പുറത്തെത്തിച്ചത്. തന്റെ സന്ദർശന വിവരം മണിക്കൂറുകള്‍ക്ക് മുൻപ് തന്നെ പ്രാദേശിക പോലീസിനെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും തനിക്ക് മനഃപൂർവ്വം സുരക്ഷയൊരുക്കാൻ പോലീസ് തയ്യാറായില്ലെന്ന് അഭിഷേക് ബാനർജി ഗവർണർക്കും ഹൈക്കോടതിക്കും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ ഈ അക്രമങ്ങള്‍ ബംഗാളില്‍ വീണ്ടും രാഷ്ട്രീയ സംഘർഷം കടുപ്പിച്ചിരിക്കുകയാണ്.

Story Summary: Following the attack on Abhishek Banerjee, senior TMC leader and Lok Sabha Chief Whip Kalyan Banerjee MP was brutally assaulted and knocked down on a public road in West Bengal. The local crowd targeted the leaders during their visit to the house of a deceased TMC worker, Sanju Karmakar, whom locals alleged was a known anti-social element.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala