ന്യൂഡല്‍ഹി: സിബിഎസ്‌ഇ സ്കൂളുകളില്‍ ആറാം ക്ലാസ് മുതല്‍ മൂന്നാം ഭാഷ നിർബന്ധമാക്കുന്നു. 2026-27 അധ്യയന വർഷം മുതല്‍ പുതിയ കരിക്കുലം പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ്‌ഇ ചെയർമാൻ രാഹുല്‍ സിംഗ് അറിയിച്ചു.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് ഈ മാറ്റങ്ങള്‍.(Compulsory third language in Class 6, Big change in CBSE curriculum)
നിലവില്‍ രണ്ട് ഭാഷകള്‍ പഠിക്കുന്ന സ്ഥാനത്ത് ഇനി മുതല്‍ പത്താം ക്ലാസ് വരെ മൂന്ന് ഭാഷകള്‍ പഠിക്കേണ്ടി വരും. ഇതില്‍ രണ്ട് ഭാഷകള്‍ ഇന്ത്യൻ ഭാഷകളായിരിക്കണം. പുതിയ മാറ്റമനുസരിച്ച് പഠനം തുടങ്ങുന്നവർ 2031-ല്‍ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുമ്പോള്‍ മൂന്ന് ഭാഷകളിലും പരീക്ഷയുണ്ടാകും.
പുതിയ കരിക്കുലം അനുസരിച്ച് ഇംഗ്ലീഷ് ഒരു വിദേശ ഭാഷയായാണ് പരിഗണിക്കുന്നത്. അതിനാല്‍ ഇംഗ്ലീഷിനൊപ്പം മറ്റൊരു വിദേശ ഭാഷ കൂടി പഠിക്കാൻ സാധിക്കില്ല. ഏതെങ്കിലും ഒരു വിദേശ ഭാഷ മാത്രമേ തിരഞ്ഞെടുക്കാനാകൂ. ഡോഗ്രി, മൈഥിലി, കൊങ്കണി, സന്താളി എന്നിവയുള്‍പ്പെടെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള 22 ഭാഷകളും ഇനി മുതല്‍ ഓപ്ഷനായി ലഭിക്കും. ഒമ്പത്, പത്ത് ക്ലാസുകളില്‍ ആർട്ട് എഡ്യൂക്കേഷൻ, ഫിസിക്കല്‍ എഡ്യൂക്കേഷൻ എന്നിവ നിർബന്ധിത വിഷയങ്ങളാകും. ഇതിനായി പ്രത്യേക പാഠപുസ്തകങ്ങളും പുറത്തിറക്കും.
2027-28 അധ്യയന വർഷം മുതല്‍ വൊക്കേഷണല്‍ എഡ്യൂക്കേഷൻ നിർബന്ധിത വിഷയമാകും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI), കമ്പ്യൂട്ടേഷണല്‍ തിങ്കിംഗ് എന്നിവ ഒമ്പത്, പത്ത് ക്ലാസുകളില്‍ നിർബന്ധിത വിഷയമാകും. 2029 മുതല്‍ പത്താം ക്ലാസില്‍ ഇവയ്ക്ക് ബോർഡ് പരീക്ഷയുണ്ടാകും. വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനായി ഒമ്പതാം ക്ലാസ് മുതല്‍ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങള്‍ രണ്ട് തലങ്ങളില്‍ വാഗ്ദാനം ചെയ്യും. കൂടുതല്‍ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി അഡ്വാൻസ്ഡ് ലെവല്‍ തിരഞ്ഞെടുക്കാം. ഇതിന് പൊതുപരീക്ഷയ്ക്ക് പുറമെ ഒരു മണിക്കൂർ ദൈർഘ്യമുള്ള 25 മാർക്കിന്റെ അധിക പരീക്ഷ കൂടി ഉണ്ടാകും. അഡ്വാൻസ്ഡ് ലെവല്‍ വിജയിക്കുന്നവരുടെ മാർക്ക് ഷീറ്റില്‍ അത് പ്രത്യേകം രേഖപ്പെടുത്തും. പരാജയപ്പെട്ടാല്‍ അത് രേഖപ്പെടുത്തില്ല.
വിദേശങ്ങളിലെ സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് രണ്ട് ഇന്ത്യൻ ഭാഷകള്‍ എന്ന നിബന്ധനയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവർക്ക് ഒരു ഇന്ത്യൻ ഭാഷ നിർബന്ധമായും പഠിപ്പിക്കാം. പ്രിപ്പറേറ്ററി ഘട്ടം മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ അധ്യയന മാധ്യമമായി ഒരു ഇന്ത്യൻ ഭാഷയെങ്കിലും സ്കൂളുകള്‍ ഓപ്ഷനായി നല്‍കണം.

