സനാ: ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍നിന്ന് ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകള്‍ നിഷേധിച്ച് യെമനിലെ ഹൂതി വിമതർ (Yemen Houthis Red Sea shipping fees).
ബാബ് അല്‍-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം സൗജന്യമായി തുടരുമെന്നും യാത്രയ്ക്കായി യാതൊരു തുകയും നല്‍കേണ്ടതില്ലെന്നും ഹൂതികള്‍ വ്യക്തമാക്കി. കപ്പലുകളുടെ സഞ്ചാരം ഏകോപിപ്പിക്കുന്ന ഹൂതി നിയന്ത്രണത്തിലുള്ള ഹ്യൂമാനിറ്റേറിയൻ ഓപ്പറേഷൻസ് കോ-ഓർഡിനേഷൻ സെന്റർ (HOCC) ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് വിശദീകരണം. കപ്പലുകള്‍ക്കായി ഏർപ്പെടുത്തിയിട്ടുള്ള 'സേഫ് ട്രാൻസിറ്റ് സർവീസ്' പൂർണമായും സ്വമേധയാ ഉപയോഗിക്കാവുന്നതും സൗജന്യവുമാണെന്ന് അധികൃതർ അറിയിച്ചു.
കടലിടുക്ക് കടന്നുപോകുന്നതിന് പണം ആവശ്യപ്പെടുന്നവർ യെമൻ സർക്കാരിനെയോ HOCC-യെയോ പ്രതിനിധീകരിക്കുന്നില്ലെന്നും ഹൂതികള്‍ വ്യക്തമാക്കി. അനധികൃത വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ പണം നല്‍കുകയോ കപ്പലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുതെന്ന് ഷിപ്പിങ് കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കി.
ബാബ് അല്‍-മന്ദബ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളില്‍ ഫീസ് ഏർപ്പെടുത്തുന്നത് ഹൂതികള്‍ പരിഗണിക്കുന്നതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. സൗദി അറേബ്യക്കെതിരെ ഹൂതികള്‍ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ റിപ്പോർട്ടുകള്‍.
ജൂലൈയില്‍ ഹൂതി പ്രതിനിധികള്‍ ടെഹ്റാനില്‍ ഇറാനിയൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളില്‍ ഫീസ് ഏർപ്പെടുത്തുന്ന ആശയം ഉന്നയിച്ചിരുന്നുവെന്നും റിപ്പോർട്ടുകളില്‍ പറഞ്ഞിരുന്നു. ചെങ്കടലിനെ ഏദൻ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദബ് കടലിടുക്ക് ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവയ്ക്കിടയിലെ എണ്ണയും ചരക്കുകളും കൊണ്ടുപോകുന്ന കപ്പലുകളുടെ പ്രധാന സമുദ്രപാതയാണ്. ഈ പാതയിലൂടെ കടന്നുപോകുന്നതിന് ഫീസ് ഏർപ്പെടുത്തുന്നത് ആഗോള കപ്പല്‍ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു.
2023 മുതല്‍ ചെങ്കടലിലെ കപ്പലുകള്‍ക്കെതിരെ ഹൂതികള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ആക്രമണങ്ങള്‍ കഴിഞ്ഞ വർഷം വെടിനിർത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ താല്‍ക്കാലികമായി നിർത്തിവെച്ചെങ്കിലും, മേഖലയില്‍ കപ്പല്‍ഗതാഗതം ഇതുവരെ പഴയ നിലയിലേക്ക് പൂർണമായി തിരിച്ചെത്തിയിട്ടില്ല. അതേസമയം, ബാബ് അല്‍-മന്ദബ് കടലിടുക്ക്, ചെങ്കടല്‍, ഏദൻ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ നാവിക ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി 14 രാജ്യങ്ങളുടെ സമുദ്രസുരക്ഷാ സഖ്യം രൂപീകരിച്ചതായി സൗദി അറേബ്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Summary: Yemen's Houthi rebels have denied reports that they plan to charge ships passing through the Bab al-Mandab Strait. The Houthi-run maritime coordination body said its safe-transit service remains voluntary and free, while warning shipping companies against making payments to unauthorised groups.

