ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനില്‍ അമേരിക്കയുടെ അതിശക്തമായ വ്യോമാക്രമണം.
ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറിന് വഴങ്ങിയില്ലെങ്കില്‍ ഇറാൻ കനത്ത നാശം നേരിടേണ്ടി വരുമെന്ന ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് ഈ നീക്കം.(Trump says Tehran attacked, top military leaders killed)
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു മിനിറ്റും എട്ടു സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇറാനെ മോശമായും അവിവേകത്തോടെയും നയിച്ച നിരവധി സൈനിക നേതാക്കള്‍ ടെഹ്‌റാനിലെ വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു, എന്ന് ട്രംപ് കുറിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവർ ആരൊക്കെയാണെന്നോ ആക്രമണം നടന്ന കൃത്യസമയമോ വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കയുടെ ആക്രമണം തുടർന്നാല്‍ മേഖലയാകെ ദുരന്തഭൂമിയാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന നീക്കങ്ങള്‍ വലിയ തോതിലുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ക്ക് കാരണമാകുമെന്നും ഇത് ജിസിസി രാജ്യങ്ങളെയാകെ ബാധിക്കുമെന്നും ഇറാൻ അറിയിച്ചു. അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കില്‍ ‘നരകം പെയ്തിറങ്ങുമെന്ന്’ ട്രംപ് നല്‍കിയ 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയുടെ ഭീഷണികളെ തള്ളിയ ഇറാൻ, യുഎസിനും ഇസ്രയേലിനും അപ്രതീക്ഷിതമായ ‘സർപ്രൈസ്’ വരാനിരിക്കുന്നതേയുള്ളൂ എന്ന് വ്യക്തമാക്കി. ലോകരാഷ്ട്രങ്ങള്‍ അതീവ ജാഗ്രതയോടെയാണ് നിലവിലെ സാഹചര്യത്തെ വീക്ഷിക്കുന്നത്.

