ചമ്പ: ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ മിന്നല്‍പ്രളയത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രികനെ ദുപ്പട്ട ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തി ഒരു കുടുംബം.
ശക്തമായ വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ട് മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാകാതെ നിന്ന യാത്രികനെയാണ് സമീപത്തുണ്ടായിരുന്നവർ സ്വന്തം സുരക്ഷ പോലും മറന്ന് രക്ഷപ്പെടുത്തിയത് (Chamba flash flood biker rescue). രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുടുംബത്തിന്റെ ധൈര്യത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
കനത്ത മഴയെ തുടർന്ന് ഭർമല മേഖലയിലെ കാകിയാര-തുനുഹട്ടി റോഡിലൂടെയാണ് ശക്തമായ വെള്ളം കുത്തിയൊഴുകിയത്. റോഡ് പൂർണമായും വെള്ളത്തില്‍ മുങ്ങിയതോടെ പുഴയ്ക്ക് സമാനമായ സാഹചര്യമുണ്ടായി. ഇതിനിടെയാണ് ഘടാശ്നിയിലെ മമ്ല ഗ്രാമത്തില്‍ നിന്നുള്ള ബൈക്ക് യാത്രികൻ ശക്തമായ ഒഴുക്കില്‍ അകപ്പെട്ടത്. വെള്ളത്തിന്റെ ശക്തിയില്‍ ബാലൻസ് നഷ്ടപ്പെട്ട യാത്രികൻ ഒഴുക്കില്‍പ്പെട്ടുപോകാനുള്ള അപകടകരമായ സാഹചര്യത്തിലായിരുന്നു.
യാത്രികന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ഉടൻ രക്ഷാപ്രവർത്തനത്തിന് മുതിർന്നു. രണ്ട് സ്ത്രീകള്‍ ചേർന്ന് ദുപ്പട്ട അഴിച്ച് താല്‍ക്കാലിക കയറായി ഉപയോഗിച്ച് യാത്രികന്റെ ഭാഗത്തേക്ക് നീട്ടുകയായിരുന്നു. ദുപ്പട്ടയില്‍ പിടിച്ച യാത്രികനെ കുടുംബാംഗങ്ങള്‍ ചേർന്ന് പതുക്കെ സുരക്ഷിതമായ സ്ഥലത്തേക്ക് വലിച്ചെത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ മറ്റൊരാളും ഇവർക്കൊപ്പം ചേർന്നു.
ശക്തമായ വെള്ളത്തിന്റെ ഒഴുക്കും റോഡിലെ വഴുക്കലും രക്ഷാപ്രവർത്തനം ഏറെ അപകടകരമാക്കിയിരുന്നു. എങ്കിലും യാത്രികനെ ഒഴുക്കില്‍പ്പെടാതെ സുരക്ഷിതമായി കരയിലെത്തിക്കാൻ കുടുംബത്തിന് സാധിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കുടുംബത്തിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെ അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കുടുംബത്തിന്റെ പ്രവർത്തി മനുഷ്യത്വത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും ഉദാഹരണമായാണ് സമൂഹമാധ്യമങ്ങളില്‍ വിലയിരുത്തപ്പെടുന്നത്. മിന്നല്‍പ്രളയത്തിന്റെ ശക്തി വ്യക്തമാക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ സമയോചിതമായ ഇടപെടലിന് വലിയ പ്രാധാന്യമുണ്ടെന്നും സംഭവം ഓർമിപ്പിക്കുന്നു.
Summary: A biker trapped in a powerful flash flood in Himachal Pradesh’s Chamba was rescued by a nearby family using a dupatta as a makeshift rope. The dramatic rescue was captured on camera and has drawn widespread appreciation online.

