ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ അനുശോചനവും ആശങ്കയും അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ പങ്കുവെച്ച കുറിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ശക്തമാകുന്നു.
ദുരന്തത്തെ വിശേഷരിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച ‘ഡ്രാമ’ എന്ന വാക്കാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.(Shashi Tharoor Nepal Flood Post Backlash Word Drama Social Media Criticism)
നേപ്പാളിലെ പ്രളയത്തെക്കുറിച്ചറിയാതെയാണ് താൻ കാഠ്മണ്ഡുവില്‍ വിമാനമിറങ്ങിയതെന്ന് വ്യക്തമാക്കിക്കൊണ്ട് ‘എക്സില്‍’ പങ്കുവെച്ച കുറിപ്പിലാണ് തരൂരിന് അബദ്ധം സംഭവിച്ചത്. “മലനിരകളില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളെക്കുറിച്ചും അതിനുപിന്നാലെയുണ്ടായ കനത്ത നാശനഷ്ടങ്ങളെക്കുറിച്ചും അറിയാതെയാണ് ഇന്നലെ കാഠ്മണ്ഡുവിലേക്ക് തിരിച്ചത്. എത്തിയപ്പോഴാണ് നൂറിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെട്ട വിവരവും രണ്ടായിരത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്ന വിവരവും അറിയുന്നത്. ബോട്ടെ കോശിയിലുണ്ടായ പ്രളയം വീടുകളും ഹൈവേകളും തകർത്തു. നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നു.”- ശശി തരൂർ പറഞ്ഞു.
തീർത്ഥാടനത്തിനായി പോയ നൂറോളം ഇന്ത്യക്കാരടക്കം നിരവധി വിനോദസഞ്ചാരികള്‍ ദുരന്തത്തില്‍പ്പെട്ടിട്ടുണ്ടെന്നും അവർക്കായി പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശശി തരൂരിന്റെ വിപുലമായ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്തെ ചൂണ്ടിക്കാട്ടിയാണ് പലരും ഈ പ്രയോഗത്തെ വിമർശിച്ചത്. 160-ലധികം ആളുകള്‍ മരണപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത ഒരു മഹാദുരന്തത്തെ ‘ഡ്രാമ’ എന്ന് വിശേഷിപ്പിച്ചത് തികച്ചും അനുചിതവും അദ്ദേഹത്തെപ്പോലെ ഒരാളില്‍ നിന്ന് പ്രതീക്ഷിക്കാത്തതുമാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരിച്ചു. “നിങ്ങളുടെ ഭാഷാപാടവം വച്ച് ഈ ഒരു വാക്കാണോ കണ്ടുപിടിച്ചത്?”, “ഇതൊരു ഭീകര ദുരന്തമാണ്, നാടകമല്ല” എന്നിങ്ങനെ നിരവധി കമന്റുകളാണ് തരൂരിന്റെ പോസ്റ്റിന് താഴെ നിറയുന്നത്.
Story Summary
Congress MP Shashi Tharoor faced intense backlash on social media for describing the catastrophic Nepal flash floods as “drama that had taken place in the hills” in an X post expressing solidarity with the victims.

