മോസ്കോ: ഉക്രൈന്റെ ഡ്രോണ്‍ ആക്രമണങ്ങളെ തുടർന്ന് പ്രധാന എണ്ണശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ റഷ്യയില്‍ കടുത്ത ഇന്ധനക്ഷാമം.
ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ പെട്രോള്‍ ഉത്പാദനം ആഭ്യന്തര ആവശ്യത്തിന്റെ 70 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. മോസ്കോയുടെ വരുമാനം തടയുക എന്ന ലക്ഷ്യത്തോടെ റഷ്യൻ ഊർജ്ജ നിലയങ്ങള്‍ക്ക് നേരെ ഉക്രൈൻ ആക്രമണം ശക്തമാക്കിയതാണ് പ്രതിസന്ധിക്ക് കാരണം.(Russia Gasoline Production Drops Drone Attacks Ukrainian Fuel Crisis)
പെർം, നിഷ്നി നോവ്ഗൊറോഡ്, യാരോസ്ലാവ്ള്‍ തുടങ്ങിയ പ്രധാന ഇന്ധന ഉത്പാദന കേന്ദ്രങ്ങളിലെ റിഫൈനറികള്‍ക്ക് നേരെ കഴിഞ്ഞ ആഴ്ചകളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ പ്രതിദിന പെട്രോള്‍ ഉത്പാദനം 80,000 മെട്രിക് ടണ്ണായി കുറഞ്ഞു. എന്നാല്‍ നിലവില്‍ പ്രതിദിനം 1,15,000 മെട്രിക് ടണ്‍ പെട്രോളിന്റെ ആവശ്യകത റഷ്യയിലുണ്ട്. ഉത്പാദനവും ആവശ്യകതയും തമ്മില്‍ പ്രതിദിനം 35,000 മെട്രിക് ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്.
ഇന്ധനക്ഷാമം രൂക്ഷമായതോടെ നിരവധി റഷ്യൻ പ്രവിശ്യകളില്‍ പെട്രോള്‍ വിതരണത്തിന് വീണ്ടും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. വാഹനം ഒന്നിന് നല്‍കുന്ന ഇന്ധനത്തിന്റെ അളവില്‍ പരിധ നിശ്ചയിച്ചും, വാഹന നമ്പറുകളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ തരംതിരിച്ചുമാണ് നിലവില്‍ വിതരണം നടക്കുന്നത്. പ്രതിസന്ധി മറികടക്കാൻ റഷ്യ ഏഷ്യൻ രാജ്യങ്ങളില്‍ നിന്നും ബെലാറസില്‍ നിന്നും വൻതോതില്‍ ഇന്ധനം ഇറക്കുമതി ചെയ്യുകയാണ്. ഓഗസ്റ്റില്‍ ബെലാറസില്‍ നിന്ന് മാത്രം 1.5 ലക്ഷം ടണ്‍ പെട്രോള്‍ റഷ്യ ഇറക്കുമതി ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Story Summary
Russia’s gasoline production plunged to 70% of domestic demand in late August after Ukrainian drone strikes forced major oil refineries, including Perm and Nizhny Novgorod, to halt operations. To manage the severe fuel crisis, Russia has reimposed strict fuel rationing and significantly increased gasoline imports from Belarus and Asian nations.

