ഖസബ്: പേർഷ്യൻ ഗള്‍ഫിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കില്‍ വീണ്ടും കപ്പലിന് നേരെ ആക്രമണം. ഒമാനിലെ ഖസബിന് സമീപം സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെയാണ് അജ്ഞാതമായ പ്രൊജക്റ്റൈല്‍ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും വൈകാതെ തന്നെ തീയണയ്ക്കാനായതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.(Oil Tanker Struck Unidentified Projectile Strait Of Hormuz Oman UKMTO Warning)
കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നും സംഭവസ്ഥലത്ത് എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 25-നാണ് ആക്രമണം നടന്നതെന്നും ഓഗസ്റ്റ് 27-ന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചതായും യുകെഎംടിഒ വ്യക്തമാക്കി.
ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ലൈബീരിയൻ പതാകയുള്ള മറ്റൊരു എണ്ണക്കപ്പലിന് നേരെയും മേഖലയില്‍ ആക്രമണമുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story Summary
An oil tanker was struck by an unidentified projectile in the Strait of Hormuz near Khasab, Oman. UKMTO confirmed that the onboard fire was extinguished, all crew members are safe, and no oil spill was reported.

