Dailyhunt
ഇന്ന് കേരളം വിധിയെഴുതുന്ന ദിനം: വോട്ടെടുപ്പ് ആരംഭിച്ചു, വോട്ടര്‍മാരുടെ നീണ്ട നിര, നേരത്തേയെത്തി പ്രമുഖരും സ്ഥാനാര്‍ത്ഥികളും, പലയിടങ്ങളിലും മെഷീൻ തകരാര്‍ | Assembly election

ഇന്ന് കേരളം വിധിയെഴുതുന്ന ദിനം: വോട്ടെടുപ്പ് ആരംഭിച്ചു, വോട്ടര്‍മാരുടെ നീണ്ട നിര, നേരത്തേയെത്തി പ്രമുഖരും സ്ഥാനാര്‍ത്ഥികളും, പലയിടങ്ങളിലും മെഷീൻ തകരാര്‍ | Assembly election

Times Kerala 1 week ago

തിരുവനന്തപുരം : നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളത്തില്‍ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്‌പോളിങ് നടപടികള്‍ ബൂത്തുകളില്‍ പൂർത്തിയായിരുന്നു. പല മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകള്‍ തകരാറില്‍ ആവുകയും ചെയ്തിരുന്നു.(Today is the day when Kerala will decide its fate, Voting has begun for Assembly election )

പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലെ കേസരി മെമ്മോറിയല്‍ കോളേജില്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ കൊട്ടാരക്കര ഡയറ്റിലെ 94-ാം നമ്പർ ബൂത്തില്‍ കുടുംബസമേതം വോട്ട് ചെയ്തു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ സുരേഷ് ഗോപിയെ കാണാൻ ബൂത്തിലെത്തിയിരുന്നു. നാട്ടിക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപി കുടുംബത്തോടൊപ്പം ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മോഹൻലാല്‍ നേമം മണ്ഡലത്തിലെ മുടവൻമുകള്‍ സ്കൂളിലെ 36-ാം നമ്പർ ബൂത്തില്‍ രാവിലെ തന്നെ എത്തി വോട്ട് ചെയ്തു. വോട്ടർമാർക്കൊപ്പം ക്യൂ നിന്നാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.

വരും മണിക്കൂറുകളില്‍ കൂടുതല്‍ സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖർ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തും. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സ്ഥാനാർത്ഥികള്‍: 883 പേർ, ആകെ പോളിങ് ബൂത്തുകള്‍: 30,495, പ്രശ്നബാധിത ബൂത്തുകള്‍: 2,040, 1.46 ലക്ഷം ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ചുമതല എന്നിങ്ങനെയാണ് നില.

പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷയ്ക്കായി 160 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചു. കൂടാതെ കേരള പൊലീസും സ്പെഷ്യല്‍ പൊലീസും ഉള്‍പ്പെടെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളില്‍ ഇന്നലെ മുതല്‍ കർശന പരിശോധന തുടരുകയാണ്. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി നാല് വടക്കൻ ജില്ലകളില്‍ പടക്ക കടകള്‍ അടച്ചിടാൻ ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിട്ടു. വെള്ളിയാഴ്ച വരെ നിയന്ത്രണം തുടരണമെന്നാണ് നിർദ്ദേശം.

കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. 126 സീറ്റുകളിലായി 722 സ്ഥാനാർത്ഥികളാണ് അസമില്‍ ജനവിധി തേടുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. 30 മണ്ഡലങ്ങളിലായി 294 സ്ഥാനാർത്ഥികള്‍ പുതുച്ചേരിയില്‍ മത്സരരംഗത്തുണ്ട്. എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് പുതുച്ചേരി സാക്ഷ്യം വഹിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala