വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്റെ ഡ്രോണ്‍, റഡാർ നിയന്ത്രണ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി (US Strikes Iran Radar Drone Sites).
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അക്രമണോത്സുകമായ നടപടികള്‍ക്കുള്ള മറുപടിയായും സ്വയം പ്രതിരോധത്തിന്റെ ഭാഗമായുമാണ് ഈ നീക്കമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഇറാനിലെ ഗൊരുക്കിലും ഖ്വഷം ദ്വീപിലുമുള്ള ഡ്രോണ്‍, റഡാർ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലാണ് യുഎസ് സെൻട്രല്‍ കമാൻഡ് വാരാന്ത്യത്തില്‍ ആക്രമണം നടത്തിയത്. അമേരിക്കയുടെ അത്യാധുനിക ഡ്രോണുകളില്‍ ഒന്നായ എംക്യു 1 പ്രിഡേറ്റർ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്നാണ് ഈ പ്രതികാര നടപടിയെന്ന് യുഎസ് സൈന്യം സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. എന്നാല്‍, പ്രാദേശിക സമുദ്രാതിർത്തി ലംഘിച്ച് പ്രകോപനപരമായ കടന്നുകയറ്റം നടത്തിയതിനാലാണ് അന്താരാഷ്ട്ര സമുദ്രമേഖലയില്‍ വെച്ച് യുഎസ് ഡ്രോണ്‍ തകർത്തതെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കുന്നത്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ, തങ്ങളെ ആക്രമിക്കാൻ യുഎസ് ഉപയോഗിച്ച വ്യോമതാവളം ലക്ഷ്യംവെച്ച് ശക്തമായി തിരിച്ചടിച്ചതായി ഐആർജിസി അവകാശപ്പെട്ടു. എന്നാല്‍ ഏത് രാജ്യത്തുള്ള യുഎസ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന കാര്യം ഇറാൻ പുറത്തുവിട്ടിട്ടില്ല. ഡ്രോണുകളേയും മിസൈലുകളേയും ചെറുക്കാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായി കുവൈത്ത് സൈന്യം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ അവകാശവാദം പുറത്തുവരുന്നത്. ഇതിനിടെ, വടക്കൻ ഇസ്രയേലിലെ പടിഞ്ഞാറേ ഗലീലി മേഖലയിലും കിര്യത്ത് ഷ്മോണ പട്ടണത്തിലും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മുൻപ് അമേരിക്കയും ഇസ്രയേലും ചേർന്ന് തകർത്ത ഇറാന്റെ ഭൂഗർഭ മിസൈല്‍ ശൃംഖലയുടെ വലിയൊരു ഭാഗം മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇറാൻ പുനർനിർമിച്ചതായും, തകർക്കപ്പെട്ട 69 ഭൂഗർഭ അറകളില്‍ 50 എണ്ണവും ഇപ്പോള്‍ വീണ്ടും പ്രവർത്തനസജ്ജമാക്കിയതായും ഉപഗ്രഹ ചിത്രങ്ങള്‍ അവലോകനം ചെയ്ത് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Summary: The US Central Command launched defensive strikes on Iranian radar and drone control sites in Goruk and Qeshm Island following the downing of a US MQ-1 Predator drone. In response, Iran’s Islamic Revolutionary Guard Corps claimed to have targeted the US airbases used for the attack. Meanwhile, satellite imagery shows Iran has successfully reopened 50 of its 69 previously damaged underground missile storage bunkers.

