ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയ പ്രതിഷേധം 'ബദല്‍ രാഷ്ട്രീയത്തിനായുള്ള പരീക്ഷണമായി' മാറിയെന്ന് ആർ.എസ്.എസ് നേതാവ് അതുല്‍ ലിമയെ (RSS Atul Limaye CJP Protest Controversy).
ജനാധിപത്യ സംവിധാനങ്ങള്‍ക്കുള്ളില്‍ പ്രവർത്തിച്ചുകൊണ്ട് ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ആശയമാണ് പ്രതിഷേധത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആർ.എസ്.എസിന് മറ്റുള്ളവരെ രാജ്യവിരുദ്ധരെന്ന് വിശേഷിപ്പിക്കാൻ ധാർമിക അവകാശമില്ലെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ തിരിച്ചടിച്ചു.
ജൂലൈ 30ന് ഛത്രപതി സംഭാജിനഗറില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അതുല്‍ ലിമയെ സി.ജെ.പി പ്രതിഷേധത്തെ വിമർശിച്ചത്. പ്രതിഷേധത്തിന്റെ കാലക്രമം, പ്രവർത്തനരീതി, പിന്തുണാ ശൃംഖല, ആശയപരമായ പശ്ചാത്തലം എന്നിവ വിശദമായി 'ഡീകോഡ്' ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥി പ്രതിഷേധമായി ആരംഭിച്ച സമരം പിന്നീട് വലിയ രാഷ്ട്രീയ പ്രസ്ഥാനമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിദ്യാർഥി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, മനുഷ്യാവകാശ കൂട്ടായ്മകള്‍, വനിതാ സംഘടനകള്‍, കർഷക സംഘടനകള്‍, വിവിധ സിവില്‍ സൊസൈറ്റി കൂട്ടായ്മകള്‍ എന്നിവ പങ്കാളികളായതായി ലിമയെ ചൂണ്ടിക്കാട്ടി. എഐഎസ്‌എ, എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാർഥി സംഘടനകളും സംയുക്ത കിസാൻ മോർച്ച, ഭാരതീയ കിസാൻ യൂണിയൻ തുടങ്ങിയ കർഷക സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു.
പ്രതിഷേധ വേദിയില്‍ ഹിന്ദു വിരുദ്ധവും രാജ്യവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ ഉയർന്നതായി ആരോപിച്ച ലിമയെ, ഇറ്റാലിയൻ ചിന്തകൻ അന്റോണിയോ ഗ്രാംഷിയുടെ 'സാംസ്കാരിക ആധിപത്യം' സംബന്ധിച്ച സിദ്ധാന്തവും പരാമർശിച്ചു. പാർലമെന്ററി സംവിധാനവും നീതിന്യായ വ്യവസ്ഥയും പോലീസും ഉള്‍പ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനവിശ്വാസം തകർക്കാനുള്ള ശ്രമമാണ് 'ബദല്‍ രാഷ്ട്രീയം' ലക്ഷ്യമിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
അതേസമയം, അതുല്‍ ലിമയെയുടെ പരാമർശങ്ങള്‍ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ തള്ളി. മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നാലെ ആർ.എസ്.എസ് നിരോധിക്കപ്പെട്ടിരുന്ന ചരിത്രം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. "മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരുടെ ആശയവുമായി ബന്ധപ്പെട്ടവർക്ക് മറ്റുള്ളവരെ രാജ്യവിരുദ്ധരെന്ന് വിളിക്കാൻ ധാർമിക അവകാശമില്ല. നാഥുറാം ഗോഡ്സെയാണ് ആദ്യ രാജ്യവിരുദ്ധൻ," എന്നാണ് ദിപ്കെ പ്രതികരിച്ചത്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി ജന്തർ മന്തറില്‍ 37 ദിവസം നീണ്ട പ്രതിഷേധമാണ് നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെത്തുടർന്ന്, മറ്റ് പ്രധാന ആവശ്യങ്ങളില്‍ ഉറപ്പുകള്‍ ലഭിച്ചതായും അറിയിച്ചാണ് ജൂലൈ 25ന് സമരം പിൻവലിച്ചത്.
Summary: RSS leader Atul Limaye alleged that the CJP-led NEET-UG paper leak protest evolved into an experiment in "alternative politics" aimed at weakening democratic institutions from within. CJP founder Abhijeet Dipke rejected the allegations and criticised the RSS for describing the movement as anti-national.

