ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ ദുരന്തഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രളയത്തില്‍ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച ഇരുനേതാക്കളും നേപ്പാളിന് എല്ലാവിധ മാനുഷിക സഹായങ്ങളും ഉറപ്പാക്കണമെന്നും വ്യക്തമാക്കി.(Nepal Flash Floods Rahul Gandhi Priyanka Gandhi Demand Urgent Rescue PM Modi Promises Aid)
പ്രളയദുരന്തത്തില്‍ നൂറിലധികം ഇന്ത്യക്കാർ ഉള്‍പ്പെടെ നിരവധി തീർഥാടകരെ കാണാതായെന്ന വാർത്ത അത്യധികം ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. നേപ്പാള്‍ ഭരണകൂടവുമായി ചേർന്ന് കാണാതായ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനും അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കാണാതായവർക്കായി ഉടൻ തന്നെ തിരച്ചില്‍ നടത്തണമെന്നും അപകടത്തില്‍പ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കാണാതായവർ സുരക്ഷിതരായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നതായി കുറിച്ച പ്രിയങ്ക, നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്‍കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായുമായി ടെലിഫോണില്‍ സംസാരിച്ച് അനുശോചനം അറിയിച്ചു. ഈ ദുഷ്‌കരമായ ഘട്ടത്തില്‍ ഇന്ത്യ നേപ്പാളിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണ്. കാണാതായ തീർഥാടകരെയും വിനോദസഞ്ചാരികളെയും കണ്ടെത്താൻ നേപ്പാളിലെ ഇന്ത്യൻ എംബസി പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ തുറന്നിട്ടുണ്ട്. പ്രാഥമിക വിവരമനുസരിച്ച് 133 ഇന്ത്യക്കാർ ഉള്‍പ്പെടെ 750 ഓളം യാത്രക്കാരെ മേഖലയില്‍ നിന്ന് കാണാതായിട്ടുണ്ടെന്ന് നേപ്പാള്‍ ടൂറിസം ബോർഡ് സ്ഥിരീകരിച്ചു.
Story Summary
Congress leaders Rahul Gandhi and Priyanka Gandhi Vadra urged the Indian government to expedite rescue operations for missing Indian pilgrims in Nepal flash floods. Prime Minister Narendra Modi spoke with Nepal PM Balendra Shah, offering full support and emergency assistance.

