ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കൗമാര സംഘത്തെ രണ്ടേകാല്‍ മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ് (Karuvatta Murder Case).
ചേർത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലെത്തിയാണ് അന്വേഷണ സംഘം മൂവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. കേസിന്റെ അന്വേഷണത്തില്‍ നിർണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് പൊലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍, ലീഗല്‍ കം പ്രൊബേഷണറി ഓഫീസറുടെ സാന്നിധ്യത്തില്‍ സംരക്ഷണ കേന്ദ്രത്തില്‍വെച്ച് പരമാവധി രണ്ടേകാല്‍ മണിക്കൂർ വിവരശേഖരണം നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോർട്ട് സമർപ്പിക്കാനും ജുവനൈല്‍ ജസ്റ്റിസ് ബോർഡ് നിർദേശം നല്‍കുകയായിരുന്നു.
ഇതനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലെത്തി കൗമാരക്കാരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ട് ഈ മാസം 31ന് ജുവനൈല്‍ ജസ്റ്റിസ് ബോർഡ് വീണ്ടും പരിഗണിക്കും. തുടർന്നായിരിക്കും കൗമാരക്കാരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് ബോർഡ് തീരുമാനം എടുക്കുക. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Summary: Police questioned three juveniles accused in the Karuvatta elderly man murder case for two and a quarter hours at a juvenile care centre in Cherthala. The Juvenile Justice Board will consider the police report on August 31 before deciding on the request for custody.

