കൊച്ചി: കേരളത്തിന്റെ പരമ്പരാഗത വള്ളംകളിക്ക് വ്യത്യസ്തമായ മത്സരരൂപവുമായി റെഡ് ബുള്‍ വള്ളം വലി 2026. വള്ളംകളിയുടെ താളവും ആവേശവും വടംവലിയുടെ പോരാട്ടവീര്യവും ഒരുമിപ്പിക്കുന്ന 'ടഗ് ഓഫ് ഓയേഴ്സ്' മത്സരമാണ് ഇത്തവണ ഗോതുരുത്തില്‍ അരങ്ങേറുന്നത്.
സെപ്റ്റംബർ 6ന് രാവിലെ 11 മുതല്‍ നോർത്ത് പറവൂരിലെ ഗോതുരുത്ത് GBR റേസ് ട്രാക്കിലാണ് മത്സരം. (Red Bull Vallam Vali 2026)
പരമ്പരാഗത വള്ളംകളിയില്‍ നിന്ന് വ്യത്യസ്തമായി, ഫിനിഷിങ് ലൈനിലേക്ക് അതിവേഗം തുഴഞ്ഞെത്തുക എന്നതല്ല മത്സരത്തിന്റെ ലക്ഷ്യം. ഒരേ വള്ളത്തില്‍ എതിർദിശകളിലിരുന്ന് രണ്ട് സംഘങ്ങള്‍ തുഴയുകയും എതിരാളിയെ മധ്യരേഖ കടത്തി വലിച്ചുനീക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രധാന മത്സരം. കേരളത്തിന്റെ തനത് ജലകായിക പാരമ്പര്യത്തിന് ആധുനിക മത്സരത്തിന്റെ ആവേശം നല്‍കുകയാണ് സംഘാടകരുടെ ലക്ഷ്യം.
ചുണ്ടൻ വള്ളം റോ ഓഫ് വിഭാഗത്തിലാണ് ഏറ്റവും വലിയ പോരാട്ടം. ഏകദേശം 100 അടി നീളമുള്ള പരമ്പരാഗത ചുണ്ടൻ വള്ളത്തില്‍ 80 വീതം തുഴച്ചില്‍ക്കാരുള്ള രണ്ട് ടീമുകളാണ് മത്സരിക്കുക. ഒരേ വള്ളത്തില്‍ എതിർദിശകളില്‍ ഇരുന്ന് ഇരുസംഘങ്ങളും പരമാവധി ശക്തിയില്‍ തുഴയും. എതിരാളിയെ സെന്റർ ലൈനിന് അപ്പുറത്തേക്ക് വലിച്ചെത്തിക്കുന്ന സംഘമാണ് വിജയിക്കുക. ഓണക്കാലത്തെ വള്ളംകളികളിലൂടെ ലോകശ്രദ്ധ നേടിയ ചുണ്ടൻ വള്ളങ്ങളുടെ മറ്റൊരു മത്സരമുഖമായിരിക്കും ഇത്.
ഇരുട്ടുകുത്തി/ചുരുളൻ വള്ളംറോ ഓഫ് ആണ് മറ്റൊരു വിഭാഗം. വേഗത്തിനും ചടുലതയ്ക്കും പേരുകേട്ട ചുരുളൻ വള്ളത്തില്‍ 25 വീതം തുഴച്ചില്‍ക്കാരുള്ള രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടും. ശാരീരിക കരുത്തിനൊപ്പം താളപ്പൊരുത്തവും സഹനശേഷിയും ടീമിന്റെ ഏകോപനവും നിർണായകമാകുന്ന മത്സരമായിരിക്കും ഇത്. മത്സരത്തിനായി ഗോതുരുത്തിനെ തിരഞ്ഞെടുത്തതും പ്രത്യേകതയാണ്. എറണാകുളം ജില്ലയിലെ പെരിയാർ തീരത്തെ ഗോതുരുത്ത് വള്ളംകളിക്ക് ദീർഘമായ ചരിത്രമുണ്ട്. 1938ല്‍ ആരംഭിച്ചതായി പറയപ്പെടുന്ന ഗോതുരുത്ത് വള്ളംകളി എല്ലാ വർഷവും സെപ്റ്റംബർ മാസത്തില്‍ നടക്കുന്ന പ്രധാന പരമ്പരാഗത ജലമേളകളിലൊന്നാണ്. കായിക മത്സരത്തോടൊപ്പം പ്രദേശത്തിന്റെ സാംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങളും ഇവിടെ ഒത്തുചേരുന്നു.
2025ലെ ആദ്യ പതിപ്പിന്റെ വിജയത്തിന് പിന്നാലെയാണ് റെഡ് ബുള്‍ വള്ളം വലി 2026 കൂടുതല്‍ ആവേശത്തോടെ സംഘടിപ്പിക്കുന്നത്. പരമ്പരാഗത കേരളീയ വള്ളംകളിയുടെ ദൃശ്യഭംഗിയും നൂറുകണക്കിന് തുഴകളുടെ താളവും ആധുനിക മത്സരത്തിന്റെ കടുത്ത പോരാട്ടവീര്യവും ഒരേ വേദിയില്‍ എത്തിക്കുന്നതായിരിക്കും ഇത്തവണത്തെ മത്സരം. കേരളത്തിന്റെ ജലകായിക പാരമ്പര്യത്തെ പുതിയ തലമുറയിലേക്കും കൂടുതല്‍ പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള വേദിയായി പരിപാടി മാറുമെന്നാണ് പ്രതീക്ഷ.
Summary: Red Bull Vallam Vali 2026 will bring a new "Tug of Oars" format to Kerala's traditional boat-racing culture. The one-day invitational event will be held on September 6 at GBR Race Track in Gothuruth, featuring Chundan and Churulan boat categories with teams rowing against each other on the same boat.

