തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്ന് മാറ്റിയതിനെ തുടർന്ന് സർക്കാർ ഓഫീസുകളിലെ ഫയലുകളിലും സ്റ്റേഷനറി സാമഗ്രികളിലും തിരുത്തലുകള്‍ വരുത്താൻ കോടികളുടെ പാഴ്ചെലവ് വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശം.
ഇതുസംബന്ധിച്ച് ഭരണനിർവ്വഹണ വിഭാഗം പുതിയ സർക്കുലർ പുറപ്പെടുവിച്ചു.(Chief Secretary Circular On Kerala To Keralam Renaming No Unnecessary Expenditure On Stationery)
നിലവിലുള്ള പേപ്പറോ അച്ചടിച്ച ഫോമുകളോ വെറുതെ കളയരുതെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രം തുക ചെലവഴിക്കേണ്ടതില്ലെന്നും മാർഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള ലെറ്റർഹെഡുകള്‍, കവറുകള്‍, കത്തുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ അവ ഉപയോഗിക്കണം.
ആവശ്യാനുസരണം ഇംഗ്ലീഷില്‍ ‘M’ എന്നും മലയാളത്തിലാണെങ്കില്‍ ‘ം’ എന്നും പേന കൊണ്ടോ മഷി ഉപയോഗിച്ചോ ചേർത്ത് തിരുത്തി ഉപയോഗിക്കാവുന്നതാണെന്ന് സർക്കുലറില്‍ വ്യക്തമാക്കുന്നു. പുതിയ പേര് വന്നതിന്റെ പേരില്‍ മാത്രം സ്റ്റോക്കിലുള്ള സാമഗ്രികള്‍ ഉപേക്ഷിക്കുകയോ അടിയന്തരമായി പുതിയവ അച്ചടിക്കുകയോ ചെയ്യരുത്. ഓഫീസ് നെയിം ബോർഡുകള്‍, ഫലകങ്ങള്‍, ബോർഡുകള്‍ എന്നിവ മാറ്റിവെച്ച് പുതിയത് സ്ഥാപിക്കേണ്ടതില്ല. ഇതിനായി മാത്രമായി തുക വകയിരുത്തരുത്. കൂടാതെ, ‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലെ ഔദ്യോഗിക മുദ്രകള്‍, റബർ സ്റ്റാമ്പുകള്‍, സമാന ഉപകരണങ്ങള്‍ എന്നിവ സാധാരണ നിലയില്‍ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ തുടന്നും ഉപയോഗിക്കാവുന്നതാണ്.
Story Summary
Following the official renaming of Kerala to Keralam, the Chief Secretary issued a circular strictly directing government offices to avoid unnecessary expenditure. Existing office stationeries, letterheads, files, seals, and signboards should not be discarded; instead, handwritten or ink corrections (adding ‘M’ in English or ‘o’ in Malayalam) should be made until the current stock is completely exhausted.

