ഹൈദരാബാദ്: മലേറിയ പ്രതിരോധത്തിനായി നല്‍കിയ ക്ലോറോക്വിൻ മരുന്ന് കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങളുണ്ടായ ഏഴ് വയസ്സുകാരി ആന്ധ്രാപ്രദേശില്‍ മരിച്ചു (Andhra Pradesh news).
സംഭവത്തെ തുടർന്ന് അസുഖബാധിതരായ 52 പേർ ആശുപത്രിയിലും പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലുമായി ചികിത്സയില്‍ കഴിയുകയാണ്.
ആന്ധ്രാപ്രദേശിലെ പോലവരം ജില്ലയിലെ തെലങ്കാന അതിർത്തിയോട് ചേർന്ന ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. ഇവിടെ 71 പേർക്കാണ് മലേറിയ പ്രതിരോധ മരുന്ന് നല്‍കിയതെന്ന് അധികൃതർ അറിയിച്ചു. മരുന്ന് കഴിച്ചതിന് പിന്നാലെ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് 29 പേരെ തെലങ്കാനയിലെ ആശുപത്രിയിലേക്കും 24 പേരെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിലേക്കും മാറ്റി ചികിത്സ നല്‍കുകയായിരുന്നു.
രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മാദവി ജമുന എന്ന ഏഴ് വയസ്സുകാരിയാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കുട്ടിയുടെ മരണമെന്ന് അധികൃതർ അറിയിച്ചു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരവും സ്ഥിരതയുള്ളതുമാണെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ ദിനേഷ് കുമാർ അറിയിച്ചു.
ബാധിതരെ നിരീക്ഷിക്കുന്നതിനും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മൂന്ന് ശിശുരോഗ വിദഗ്ധർ ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ സംഘത്തെ ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പും ആരംഭിച്ച് ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്താൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിർദേശം നല്‍കി. ബാധിതർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന്റെ സാഹചര്യങ്ങള്‍, ചികിത്സാ നടപടികള്‍, രോഗികളുടെ നിലവിലെ ആരോഗ്യനില എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടറുമായും സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
Story Summary: A seven-year-old girl died in Andhra Pradesh after falling ill following the administration of an anti-malaria drug, while 52 others remain under medical observation and treatment. The state government has launched an investigation and deployed a specialist medical team to monitor the affected residents.

