വാഷിംഗ്ടണ്‍: കഴിഞ്ഞ വർഷം തന്റെ കുടുംബത്തിന്റെ ക്രിപ്റ്റോ ബിസിനസ് സംരംഭങ്ങളിലൂടെ ഏകദേശം 1.2 ബില്യണ്‍ ഡോളർ വരുമാനം നേടിയെന്ന വാർത്തകളില്‍ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ( Donald Trump Crypto Earnings).
അധികാരത്തിലിരിക്കുമ്പോള്‍ താൻ സ്വന്തം വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനങ്ങളെ അദ്ദേഹം തള്ളി. താൻ പ്രസിഡന്റാകുന്നതിന് മുൻപുതന്നെ വലിയ സമ്പാദ്യമുണ്ടായിരുന്നുവെന്നും, നിലവില്‍ തന്റെ ബിസിനസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ട്രസ്റ്റ് ഫണ്ടുകളാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
യുഎസ് ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്സ് പുറത്തുവിട്ട സാമ്പത്തിക രേഖകള്‍ പ്രകാരം, 2025-ല്‍ ട്രംപിന്റെ വരുമാനത്തില്‍ വലിയൊരു പങ്കും ക്രിപ്റ്റോ സംരംഭങ്ങളില്‍ നിന്നാണ് ലഭിച്ചത്. ‘വേള്‍ഡ് ലിബറേറ്റി ഫിനാൻഷ്യല്‍’ എന്ന സ്ഥാപനത്തിലൂടെയും, ട്രംപിന്റെ ചിത്രമുള്ള ‘മീം കോയിനുകള്‍’വിറ്റഴിക്കുന്ന സിഐസി ഡിജിറ്റല്‍ (CIC Digital) വഴി ലഭിച്ച റോയല്‍റ്റിയില്‍ നിന്നുമായാണ് ഈ ഭീമമായ തുക ലഭിച്ചത്. ഇതോടെ ട്രംപിന്റെ ആകെ ആസ്തി 2.3 ബില്യണ്‍ ഡോളറില്‍ നിന്ന് 6.5 ബില്യണ്‍ ഡോളറായി ഉയർന്നതായാണ് ഫോർബ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്ത് സ്വന്തം സ്വത്തുക്കള്‍ വർധിപ്പിക്കുന്നുവെന്ന ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളെ വൈറ്റ് ഹൗസ് ഔദ്യോഗികമായി തള്ളി. യുഎസിനെ ‘ക്രിപ്റ്റോ തലസ്ഥാന’മായി മാറ്റാനുള്ള നടപടികളാണ് ഭരണകൂടം സ്വീകരിച്ചതെന്നും, പ്രസിഡന്റിന്റെ ബിസിനസ് താല്പര്യങ്ങള്‍ നിയന്ത്രിക്കുന്നത് മക്കള്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് ഫണ്ടുകളാണെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. തങ്ങള്‍ എപ്പോഴും അമേരിക്കൻ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുൻഗണന നല്‍കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Summary: US President Donald Trump has defended earning over $1.2 billion from family crypto ventures, dismissing accusations of self-enrichment by stating that his finances are managed by independent blind trusts. Financial disclosures reveal that his crypto-related income has significantly boosted his total fortune, leading to intense political scrutiny and debates regarding potential conflicts of interest, which the White House continues to reject.
The Guardian

