കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരില്‍ വീടിനുള്ളിലെ അനധികൃത പടക്കനിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പടക്കനിർമ്മാണത്തിനായി വീട് വാടകയ്ക്കെടുത്ത മുണ്ടിക്കല്‍ത്താഴം സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.(Kunnamangalam blast, One who rented the house for making fire crackers have been arrested)
സ്ഫോടനത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിഷ്ണുവിനെ ശനിയാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.
വിഷ്ണുവിനെ കൂടാതെ ഇയാളുടെ സുഹൃത്ത് ഹിജിത്ത് എന്നയാളെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയുണ്ടായ ഉഗ്രസ്ഫോടനത്തില്‍ രാമനാട്ടുകര സ്വദേശി രാഹുല്‍ മുണ്ടിക്കല്‍ത്താഴം സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

