കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിന അല്‍ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വെള്ളിയാഴ്ച ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി.
ആക്രമണത്തെത്തുടർന്ന് പ്ലാന്റില്‍ വൻ തീപിടുത്തമുണ്ടായതായും തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങള്‍ ശ്രമിച്ചുവരികയാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു.(Iranian drone attack on Mina al-Ahmadi oil refinery in Kuwait, Fire breaks out)
ആക്രമണത്തില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് കമ്പനി വ്യക്തമാക്കി. കുവൈറ്റില്‍ ആകെ മൂന്ന് എണ്ണശുദ്ധീകരണ ശാലകളാണുള്ളത്. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയ ശേഷം മിന അല്‍ അഹമ്മദിക്ക് നേരെ പലതവണ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കുവൈറ്റിന്റെ എണ്ണ ഉല്‍പാദനത്തില്‍ നിർണ്ണായക പങ്കാണ് ഈ ശുദ്ധീകരണ ശാലകള്‍ക്കുള്ളത്. ഇവയുടെ പ്രവർത്തനം തടസ്സപ്പെട്ടാല്‍ എണ്ണക്കിണറുകളില്‍ നിന്നുള്ള ഉല്‍പാദനം പൂർണ്ണമായും നിർത്തേണ്ടി വരും.
സുരക്ഷാ കാരണങ്ങളാല്‍ എണ്ണശുദ്ധീകരണ ശാലകള്‍ പുനരാരംഭിക്കുന്നത് അതീവ സങ്കീർണ്ണവും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. അതിനാല്‍ തന്നെ, ശുദ്ധീകരണ ശാലകള്‍ വീണ്ടും പ്രവർത്തനസജ്ജമാകുന്നത് വരെ കുവൈറ്റിലെ എണ്ണക്കിണറുകള്‍ നിശ്ചലമാകാൻ സാധ്യതയുണ്ട്. ഇത് ആഗോള എണ്ണ വിപണിയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമായേക്കാം.

