കൊച്ചി: യുവനടിയുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്തിച്ച് തെളിവെടുക്കും.
കാരവനിലാണ് പ്രധാനമായും തെളിവെടുപ്പ് നടക്കുക. സംഭവസമയം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന രണ്ട് കാരവനുകളും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.(Sexual assault case, Director Ranjith will be brought to the caravan for evidence collection )
കഴിഞ്ഞ ദിവസം രഞ്ജിത്തിനെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നും, വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡി അത്യാവശ്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണെന്നും നട്ടെല്ലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിനായി വാദിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോർട്ട് കൊച്ചിയില്‍ നടന്ന സിനിമ ചിത്രീകരണത്തിനിടെ കാരവനില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി.

